ന്യൂഡല്‍ഹി: ഇന്ത്യാ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ആധികാരിക ജയം. ഇന്ത്യയുടെ 149 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശ് മറികടന്നു.സ്ക്കോര്‍: ഇന്ത്യ 20 ഓവറില്‍ 148 ന് 6, ബംഗ്ലാദേശ് 154 ന് 3. ബംഗ്ലാദേശിനായി 48 പന്തുകളില്‍ 60 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിക്കര്‍ റഹ്മാനാണ് മാന്‍ ഓഫ് ദ മാച്ച്.ആദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു ടി20 ജയിക്കുന്നത്.
അവസാന നിമിഷം വരെ ഡല്‍ഹിയില്‍ കളിനടക്കുമോ എന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കനത്ത മൂടല്‍മഞ്ഞിനിടയിലും ആദ്യ ടി20 നടന്നത്. ടോസ്സ് നേടി ഇന്ത്യയെ ബംഗ്ലാദേശ് വരിഞ്ഞുമുറുക്കി. ഒരു സമയത്തും റണ്ണൊഴുക്കാന്‍ സമ്മതിച്ചില്ല. ആകെ 41 റണ്‍സ് നേടിയ ശിഖര്ധവാന് മാത്രമാണ് ബാറ്റിംഗില്‍ അല്പമെങ്കിലും തിളങ്ങിയത്. ധവാന് 42 പന്തുകളെ നേരിട്ടാണ് 41 റണ്‍സ് നേടിയത്. അതില്‍ ഒരു സിക്സറും 3 ബൗണ്ടറികളുമാണുണ്ടായിരുന്നത്.ക്യാപ്റ്റനും ഓപ്പണറുമായിറങ്ങിയ രോഹിത് ശര്‍മ്മ വെറും 9 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി.
മധ്യനിരയില്‍ രാഹുല്‍ (15),ശ്രേയസ്സ് അയ്യര്‍(22) ഋഷഭ് പന്ത്(27) എന്നിവരാണ് സ്കോര്‍ ചലിപ്പിച്ചെങ്കിലും മികച്ചകൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ ക്രൂനാല്‍ പാണ്ഡ്യ 8 പന്തുകളില്‍ നേടിയ 15 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 5 പന്തുകളില്‍ രണ്ടു സിക്സറുകളടക്കം നേടിയ 14 റണ്‍സുമാണ് പൊരുതാവുന്ന സ്ക്കോര്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ബംഗ്ലാദേശിനായി ഷയിഫുള്‍ ഇസ്ലാമും അമീനുള്‍ ഇസ്ലാമും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍നിര സമ്മതിച്ചില്ല.എന്നാല്‍ മധ്യനിര ശക്തമായ കൂട്ടുകെട്ടുകളിലൂടെ കളി സ്വന്തമാക്കി. ഓപ്പണര്‍ ലിറ്റണ്‍ ദാസ് 7 റണ്‍സിലും മുഹമ്മദ് നയിം 26 റണ്‍സിലും മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാറിനൊപ്പം(39) 54 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ബംഗ്ലാദേശിന് ശക്തമായ അടിത്തറയായി.
ആദ്യമായാണ് രണ്ടാം വിക്കറ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മികച്ച കൂട്ടുകെട്ട് നേടുന്നത്. തുടര്‍ന്ന് മുഷ്ഫിക്കര്‍ റഹ്മാന് എത്തിയതോടെ റണ്‍സ് അനായാസം ഒഴുകി. സൗമ്യ സര്‍ക്കാറിനൊപ്പം മൂന്നാം വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടും പുറത്താകാതെ നിന്ന മുഹമ്മദുള്ളക്കൊപ്പം(15) കളിയും സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി ദീപക് ചാഹറും യുസ്വേന്ദ്ര ചാഹറും ഖലീല്‍ അഹമ്മദും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ അടുത്തമത്സരം 7-ാം തീയതി രാജ്കോട്ടില്‍ നടക്കും.















