ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയത് മൂന്ന് റെക്കോര്‍ഡുകള്‍. 9 റണ്‍സ് നേടി പുറത്തായെങ്കിലും ട്വന്റി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
നിലവില്‍ 91 ഇന്നിംഗ്സുകളില്‍ നിന്നും 2452 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. 67 ഇന്നിംഗ്സുകളില്‍ നിന്ന് 2450 റണ്‍സ് നേടിയ വിരാട് കോഹ്ലി രണ്ടാമതും
76 ഇന്നിംഗ്സുകളില്‍ നിന്നും 2285 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗപ്റ്റില്‍ മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 99 മത്സരങ്ങള്‍ കളിച്ച രോഹിത് മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ 98 മത്സരങ്ങളുടെ റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയത്.
ധോണിയെ മറികടന്നതോടെ അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായും രോഹിത് മാറി. 111 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന് താരം ശുഐബ് മാലികാണ് പട്ടികയില്‍ മുന്നില്‍.















