ന്യൂഡല്‍ഹി : ചൈനീസ് ഭീഷണിയെ പ്രതിരോധിക്കാന്‍ ഉത്തരാഖണ്ഡില്‍ കൂടുതല്‍ വ്യോമതാവളങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ചൈനയുടെ അതിര്‍ത്തിയിലുള്ള ഉത്തരാഖണ്ഡിലെ പ്രദേശങ്ങളിലാണ് വ്യോമ താവളങ്ങള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ പ്രദേശങ്ങളില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളും, ടെലികോം സേവനങ്ങളും ഒരുക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തിന് വേഗത്തില്‍ എത്തിച്ചേരുന്നതിനായി റോഡ്, വ്യോമ പാതകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം സൈന്യം നല്‍കുമെന്ന് ആര്‍മി ചീഫ് വ്യക്തമാക്കി. ഇതിന് പുറമേ പ്രദേശവാസികളെ കൃഷിയിലും മറ്റും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധം ശക്തമാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മോദി സര്‍ക്കാര്‍ കൂടുതല്‍ ആശയവിനിമയ സംവിധാനങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും നിര്‍മ്മിക്കുന്നുണ്ട്. അടുത്തിടെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍സ് ദോക് ലാമും ആയി ബന്ധിപ്പിക്കുന്ന ബദല്‍ പാത നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ പാതയിലൂടെ പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുമെന്നും ഇത് സൈനിക വിന്യാസം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014 മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍സ് 3,346 കിലോ മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 3,298 കിലോ മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.