Defence

പാകിസ്ഥാനെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ആയുധങ്ങൾ

‘ ഇന്ത്യയെ ആക്രമിക്കാൻ പോകരുത് ,നമ്മുടെ ഒരു ബോംബിന് അവർ 20 ബോംബിടും ‘ ഇന്ത്യൻ സൈന്യത്തെ പറ്റിയും , ആയുധങ്ങളെ പറ്റിയും നന്നായി മനസ്സിലാക്കിയ പാക് മുൻ സൈനിക മേധാവിയും , ഭരണാധികാരിയുമായിരുന്ന പർവ്വേസ് മുഷറഫ് ഇമ്രാൻ ഖാനോട് പറഞ്ഞ വാക്കുകൾ . ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കലുഷിതമായി മാറുമ്പോൾ ലോകം തേടുന്നത് ഈ വാക്കുകളുടെ പിന്നിലെ രഹസ്യങ്ങളാണ് . പാകിസ്ഥാൻ ഭയപ്പെടുന്ന ഇന്ത്യയുടെ ആയുധങ്ങൾ അവയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത് .

പാകിസ്ഥാനു മുന്നിൽ ഇന്ത്യ വെല്ലുവിളിയാകാനുള്ള പ്രധാനകാരണവും ഇന്ത്യയുടെ അപടകാരികളായ ഈ ആയുധങ്ങളാണ് .

ഐ എൻ എസ് വിക്രമാദിത്യ

ലോകത്തെ ഏറ്റവും വലിയ പത്ത് പടക്കപ്പലുകളില്‍ ഒന്നായ ‘വിക്രമാദിത്യ’ ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമാണ് . റഷ്യയിലെ ‘ചെര്‍ണോമോസ്‌കി’ കപ്പല്‍ശാലയില്‍ ‘ബാക്കു’ എന്ന പേരിലായിരുന്നു വിക്രമാദിത്യ ആദ്യമായി നിർമ്മിച്ചത് .

യു.എസ്.എസ്.ആര്‍. വിഭജിക്കപ്പെട്ടതോടെ കപ്പല്‍ റഷ്യയുടെ ഭാഗമായി. തുടർന്ന് കപ്പലിന്റെ നിര്‍മാണത്തില്‍ ഏറെ പങ്കുവഹിച്ച അഡ്മിറല്‍ സെര്‍ജി ജോര്‍ജോവിച്ച് ഗോര്‍ഖ്ഷോവിന്റെ പേര് കപ്പലിന് നൽകി . അങ്ങനെ ബാക്കു ‘ഗോര്‍ഖ്ഷോവ്’ എന്ന പടക്കപ്പലായി.

എന്നാല്‍ ഭീമമായ ചെലവ് താങ്ങാനാവാതെ വന്നതോടെ 1996-ല്‍ ഗോര്‍ഖ്ഷോവിനെ വില്‍ക്കാന്‍ റഷ്യ തീരുമാനിച്ചു . 2004-ലാണ് ഗോര്‍ഖ്ഷോവിനെ ഇന്ത്യ വാങ്ങിയത് . പിന്നീട് നിരവധി സജ്ജീകരണങ്ങൾ അതിൽ ഒരുക്കി എല്ലാ പണികളും പൂര്‍ത്തിയാക്കി 2013-ലാണ് വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി കമ്മിഷന്‍ ചെയ്യപ്പെട്ടത് .

282 മീറ്റർ നീളമുള്ള വിക്രമാദിത്യയ്ക്ക് 44,000 ടൺ ഭാരമുണ്ട് . 23 ഡെക്കുകളിലായി 19.82 ഏക്കര്‍ വിസ്തൃതിയുണ്ട് കപ്പലിന് .നാലാം തലമുറയില്‍പ്പെട്ട 24 മിഗ് 29 പോര്‍ വിമാനങ്ങളാണ് വിക്രമാദിത്യയിൽ സജ്ജീകരിച്ചിട്ടുള്ളത് . ഒപ്പം 10 തേജസ് യുദ്ധവിമാനങ്ങളും ഇതിലുണ്ട് .

ഐ എൻ എസ് ചക്ര

ഇന്ത്യയുടെ അതിശക്തിയേറിയ റഷ്യൻ നിർമിതി ആണവ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ചക്ര-2 . പാക് നേവിയെ ഏറെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ഐ എൻ എസ് ചക്രയ്ക്ക് 30 നോട്ട്‌സ് വേഗമുണ്ട്‌.റഷ്യന്‍ നിര്‍മിത ആണവ റിയാക്‌ടറാണ്‌ ഇതിന്റെ പ്രധാനകേന്ദ്രം .

8140 ടണ്‍ ശേഷിയുള്ള ഐ.എന്‍.എസ്‌. ചക്രയ്‌ക്ക് പാകിസ്ഥാനിൽ രഹസ്യമായി മൈനുകൾ സ്ഥാപിക്കാനും നിരീക്ഷണം നടത്താനും കഴിവുണ്ട്.

റഷ്യയിൽനിന്ന് 2004 മുതൽ ഒരു ബില്യൺ ഡോളർ നൽകി പത്തുവർഷത്തേക്ക് വാടകയ്ക്ക് എടുത്ത നേർപ എന്ന അന്തർവാഹിനി പിന്നീട് ഐ.എൻ.എസ് ചക്ര-2 എന്ന പേരിൽ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ.എന്‍.എസ്‌. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്‌. 100 ദിവസം വരെ ജലത്തിനടിയില്‍ തുടരാനാകും.

അപ്പാഷെ ഹെലികോപ്റ്റർ

യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളിലൊന്നായ അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു . വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്ന 22 ഹെലികോപറ്ററുകളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി. യുഎസ് ആയുധ നിര്‍മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത്.

പരമ്പരാഗത യുദ്ധസാഹചര്യത്തിൽ ശത്രുക്കളെയും , നുഴഞ്ഞുകയറ്റക്കാരെയും നേരിടാൻ അപ്പാഷെയ്ക്ക് കഴിയും . ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ, കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ ഹെലികോപ്റ്ററിന് സാധിക്കും. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും.

1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലെസർ ഗൈഡഡ് മിസൈലുകളും, 70 എംഎം റോക്കറ്റുകളും അപ്പാഷെയിലുണ്ട്. കൂടാതെ വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും അപ്പാഷെയ്ക്ക് മിസൈൽ തൊടുക്കാനാവും. അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്.

സുഖോയ് -30എംകെഐ

പാക് വ്യോമസേനയ്ക്ക് മേൽ ഇന്ത്യ ശക്തമായി പ്രതിരോധം തീർക്കുന്നത് ഇത്തരത്തിലുള്ള യുദ്ധവിമാനങ്ങൾ വഴിയാണ് . റഷ്യയുടെ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം കഴിഞ്ഞ പതിനഞ്ചു വർഷമായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ഘടിപ്പിക്കുന്ന ദീർഘദൂര പോർവിമാനമായി സുഖോയ് മാറിയതോടെ ചൈനയും,പാകിസ്ഥാനും തങ്ങളുടെ ആശങ്കയും പുറം ലോകത്തെ അറിയിച്ചിരുന്നു.

വിവിധോദ്ദേശ്യ യുദ്ധവിമാനമാണിത് . 2120 കിലോമീറ്ററാണ് പരാമാവധി വേഗത . 38,800 കിലോ ഭാരം വഹിക്കാനും സുഖോയ്ക്ക് ശേഷിയുണ്ട് .56800 അടി ഉയരമാണിതിനുള്ളത് .

റഷ്യയുടെ ടെക്നോളജിയിൽ നിർമിച്ച സുഖോയ് 30 പോർവിമാനം കഴിഞ്ഞ പതിനഞ്ചു വർഷമായി ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. സുഖോയ് വിമാനം നിർമിക്കുന്ന കരാറിൽ 2000 ലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്.

140 സുഖോയ് 30 പോർവിമാനങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. 2002 സെപ്റ്റംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്

ഇന്ത്യയുടെ ആണവ ശേഖരണം

12 കിലോട്ടൺ സ്ഫോടകവസ്തു ഉപയോഗിച്ചാണ് ഇന്ത്യ 1974 ൽ ആദ്യമായി ആണവായുധം പരീക്ഷിച്ചത്. തങ്ങളുടെ ആണവ ശേഖരത്തെ പറ്റി ഇന്ത്യ ജാഗരൂകരാണ് .

‘ ഇന്ത്യയ്ക്ക് 130–140 അണ്വായുധങ്ങൾ കൈവശമുള്ളപ്പോൾ പാകിസ്ഥാനുള്ളത് 150–160 എണ്ണമാണ്.എന്നാൽ എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. പാകിസ്ഥാനും ,ചൈനയും അണ്വായുധങ്ങൾ വർദ്ധിപ്പിക്കുമ്പോഴും ഇന്ത്യ ഭയപ്പെടാത്തതിനു കാരണം തന്നെ ഇന്ത്യയുടെ നിലപാടിലെ ദൃഢതയാണ് . അണ്വായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ഭാവിയിൽ എടുക്കേണ്ടതാണ് എങ്കിൽ പോലും രാജ്യത്തിന്റെ പ്രഹര ശേഷി വളരെ കൂടുതലാണ് ‘  ഈ വർഷം ജൂണിൽ സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇത്തരത്തിലാണ് .

ഇന്ത്യൻ ആണവ ആയുധങ്ങളുടെ പരമാവധി ശേഖരം 200 കിലോടൺ ഉണ്ടാകുമെന്നും , അത് ഏകദേശം ഹിരോഷിമയിൽ നിക്ഷേപിച്ച ബോംബിന്റെ ശക്തിയുടെ പത്തിരട്ടിയാണെന്നും ചില റിപ്പോർട്ടുകൾ വന്നിരിന്നു . ഇന്ത്യൻ ആണവായുധങ്ങൾ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ അധികാരത്തിലാണ്.

കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള അണ്വായുധങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ഏറെ മുന്നിലാണ് . ഇന്ത്യയുടെ അത്യാധുനിക അഗ്നി–5 മിസൈലിന്റെ പ്രഹരപരിധി തന്നെ 5000 കിലോമീറ്ററാണ് .ഇന്ത്യ അഗ്നി മിസൈലിന്റെ ദൂരപരിധി കൂട്ടുന്നതിന്റെ പരീക്ഷണങ്ങൾ നടക്കുന്നത് സംബന്ധിച്ചും വാർത്തകൾ വരുന്നുണ്ട് .

ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണു നിലവിൽ സേനയ്ക്കുള്ളത്.

403 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close