മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിർണ്ണായകമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി ഐപിഎൽ ഭരണ സമിതി. മത്സരങ്ങളിലെ അമ്പയറിംഗിലുണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനുവേണ്ടി പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനാണ് മുംബൈയിൽ ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമായത്.
കഴിഞ്ഞ സീസണിൽ ഏറെ പഴികേൾക്കേണ്ടി വന്ന ഒന്നാണ് നോബോളുമായി ബന്ധപ്പെട്ട അമ്പയറുടെ തീരുമാനങ്ങൾ. ഇതിന് പരിഹാരം കാണുന്നതിനായി ഒരു ടിവി അമ്പയറെ കൂടി നിയമിക്കാനാണ് തീരുമാനമായത്. നോബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം പരിശോധിക്കുന്നതിനുവേണ്ടിയാണ് മൂന്നാം അമ്പയറിനും നാലാം അമ്പയറിനും പുറമെ പുതിയ അമ്പയർ. നോബോളുകൾ അപ്പോൾ തന്നെ ഫീൽഡ് അമ്പയറെ അറിയിക്കുന്നതിന് ഇവർ സഹായിക്കും.
അതേസമയം, മത്സരത്തിൽ പകരം താരങ്ങളെ കളിപ്പിക്കുന്ന പവർ പ്ലയർ സംവിധാനം വരുന്ന സീസണിൽ നടപ്പാക്കേണ്ടെന്നും ഭരണ സമിതി തീരുമാനിച്ചു. ഒരു ടീമിന് ബാറ്റ്‌സ്മാനായോ ബൗളറായോ ഏതു ഘട്ടത്തിലും ഒരു കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കി കളിപ്പിക്കാനാകും. ഇത് ഇപ്പോൾ വേണ്ടെന്നും വിശദമായ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കിയാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി.















