മലപ്പുറം ; ഫുട്ബോൾ വാങ്ങാൻ യോഗം കൂടിയ കുട്ടിക്കൂട്ടത്തിനെ കൈയ്യടിച്ച് ഏറ്റെടുത്തത് മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ മുതൽ സ്പാനിഷ് പരിശീലകൻ വരെ . മമ്പാട് പുളിക്കലോടിയിലെ 13 കുട്ടി താരങ്ങൾ അങ്ങനെ വളരെ വലിയ സ്റ്റാറുകളായി . മിഠായി പോലും വേണ്ടായെന്നും , പുതിയ ഫുട്ബോളും , ജേഴ്സിയും വാങ്ങാൻ പണം കണ്ടെത്തണമെന്നുമൊക്കെയായിരുന്നു കുട്ടിക്കൂട്ടത്തിന്റെ മീറ്റിംഗിലെ തീരുമാനം .
സോഷ്യൽ മീഡിയ വഴി ലോകമാകെ കണ്ട ഈ വീഡിയോയിൽ പലരും കണ്ടത് തങ്ങളുടെ കുട്ടിക്കാലം തന്നെയാണ് . നടൻ ഉണ്ണി മുകുന്ദൻ അയച്ചു കൊടുത്തത് 15 ജഴ്സികൾ. സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികൾക്കു ഫുട്ബോളുകൾ സമ്മാനിച്ചു. കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.
ഓലമടലിൽ കമ്പു കുത്തി വളച്ചുണ്ടാക്കിയ മൈക്കിനു മുന്നിൽ നിന്നുള്ള ആ പ്രസംഗം നിലമ്പൂർ മമ്പാട് പുളിക്കലോടിയിലെ കളിസ്ഥലത്തായിരുന്നു . മികച്ച ഗോൾ കീപ്പറിനുള്ള പൊന്നാട ആദരം ഏറ്റുവാങ്ങി മുഹമ്മദ് നിഹാദും യോഗനടപടികൾ ഗൗരവത്തോടെ നിയന്ത്രിച്ച പ്രസിഡന്റ് അദിനുമെല്ലാം ഒറ്റ ദിവസം കൊണ്ടാണ് മലയാളിയുടെ മനസ്സിലെ കുട്ടിത്തം ഉണർത്തിയത് .
Foot Ball വാങ്ങിക്കാൻ വേണ്ടിയുള്ള മീറ്റിംഗ് 😍
Posted by Sushanth Nilambur on Wednesday, November 6, 2019