ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സ് എടുത്തിട്ടുണ്ട്. ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 343 റണ്‍സിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ മത്സരം പുനരാരംഭിച്ചത്. 72 പന്തില്‍ 54 റണ്‍സ് നേടിയ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്ക് നിലയുറപ്പിക്കാനായില്ല. റണ്‍സൊന്നുമെടുക്കാതെയാണ് കോഹ്‌ലി പുറത്തായത്.
മറുവശത്ത് മായങ്ക് അഗര്‍വാള്‍ മികച്ച ഫോമിലായിരുന്നു. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിനിറങ്ങിയ മായങ്ക് രണ്ടാം ഇരട്ട സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതിനൊപ്പം തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും മായങ്ക് അഗര്‍വാള്‍ തിരുത്തിക്കുറിച്ചു. 330 പന്തില്‍ 28 ബൗണ്ടറികളും 8 സിക്‌സറുകളും സഹിതം 243 റണ്‍സാണ് മായങ്ക് നേടിയത്.
മികച്ച ഫോമിലായിരുന്ന അജിങ്ക്യ രഹാനെ 86 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ 60 റണ്‍സുമായി രവീന്ദ്ര ജഡേജയും 10 പന്തില്‍ 25 റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സിനു പുറത്തായിരുന്നു.















