ലക്‌സംബര്‍ഗ് : യൂറോകപ്പ് 2020യിലേക്ക് നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ യോഗ്യത നേടി. ആതിഥേയരായ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റൊണാള്‍ഡോയുടെ ദേശീയ ടീം മറികടന്നത്. ഇതോടെ ആദ്യഘട്ടത്തിലെ യോഗ്യതാ പട്ടികയില്‍ പോര്‍ച്ചുഗല്‍ 17-ാം ടീമായി മാറി.
കളിയുടെ എല്ലാമേഖലകളിലും റൊണാള്‍ഡോയുടെ ടീം സമഗ്ര ആധിപത്യമാണ് നേടിയത്. ഇരുപകുതിയിലുമായിട്ടാണ് ഗോളുകള്‍ പിറന്നത്. 39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 86-ാം മിനിറ്റില്‍ റൊണാള്‍ഡോ ലീഡ് ഉയര്‍ത്തി. റൊണാള്‍ഡോയുടെ 99-ാം അന്താരാഷ്‌ട്ര ഗോളായിരുന്നു ലക്‌സംബര്‍ഗിനെതിരെ നേടിയത്.
കഴിഞ്ഞ കളികളില്‍ നെതര്‍ലാന്റ്‌സും ജര്‍മ്മനിയും യോഗ്യത നേടിയിരുന്നു. ക്രൊയേഷ്യയും ഓസ്ട്രിയയും അതാത് മത്സരങ്ങളിലൂടെ യോഗ്യത നേടിക്കഴിഞ്ഞു. ടോപ്പ് സീഡായി നിലവില്‍ നാലു ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബല്‍ജിയം, ഇറ്റലി, ഇംഗ്ലണ്ട്, ഉക്രയിന്‍ എന്നീ രാജ്യങ്ങളാണിവര്‍. ഇനി രണ്ടു പേര്‍ക്കാണ് ഇടമുള്ളത്. അതില്‍ ജയവും ഗോള്‍ ശരാശരിയും വച്ച് 2 ടീമുകള്‍ക്ക് കൂടി അവസരമുണ്ട് . ഡെന്‍മാര്‍ക്ക്, ഹംഗറി, സ്വിറ്റസര്‍ലാന്റ് എന്നീ 3 രാജ്യങ്ങളാണ് പക്ഷെ കാത്തിരിക്കുന്നത്. 24 ടീമുകള്‍ മാറ്റുരക്കേണ്ട യൂറോപ്പിന്റെ ലോകകപ്പെന്ന് വിശേഷിപ്പിക്കുന്ന കായികമാമാങ്കത്തില്‍ ഇനി 7 ടീമുകള്‍ കൂടി യോഗ്യത നേടണം. അതില്‍ അയര്‍ലന്റ്, സ്ലോവാക്യ, വെയില്‍സ് എന്നിവയും ഊഴം കാത്തുനില്‍ക്കുകയാണ്.















