കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ വാർത്ത. പരിക്കിന്റെ പിടിയിലായ പ്രതിരോധ താരം ജെയ്റോ റോഡ്രിഗസ് ദീർഘകാലത്തേക്ക് കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. പുതിയ താരത്തെ തേടുകയാണെന്നും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി അറിയിച്ചു. എന്നാൽ ജെയ്റോയുടെ ചികിത്സാ ചെലവ് ക്ലബ് തന്നെ വഹിക്കും.
ബ്രസീൽ താരമായ ജെയ്റോ കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. ഒഡിഷക്കെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജെയ്റോയ്‌ക്ക് പരിക്ക് പറ്റുകയായിരുന്നു. സൂപ്പർ താരം ഓഗ്ബച്ചെയുടെ അഭാവത്തിൽ ടീമിന്റെ നായകന്റെ റോളിലായിരുന്നു ഒഡീഷയ്‌ക്കെതിരെ ജെയ്റോ കളിക്കാനിറങ്ങിയത്.
നിലവിൽ പരിക്കിന്റെ പിടിയിലാണ് ബ്ലാസ്റ്റേഴ്സ്. പ്രതിരോധ നിരയിലെ നെടുംതൂണായ സന്ദേശ് ജിങ്കൻ പരിക്കിനെ തുടർന്ന് ചികിത്സയിലാണ്. പ്രതിരോധ നിരയിലെ മറ്റൊരു താരം ജിയാനി സൂയിവർലൂണിനും മിഡ് ഫീൽഡർ മരിയോ ആർക്കസും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റാഫേൽ മെസി അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങിയേക്കുമെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.















