കൊൽക്കത്ത: ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ ദിനത്തിന്റെ രണ്ടാം സെഷനിൽ തന്നെ ബംഗ്ലാദേശിനെ ഇന്ത്യ പുറത്താക്കി. 106 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നായകന്റെ കണക്കുകൂട്ടലുകൾ ഇന്ത്യൻ പേസ് നിര തെറ്റിച്ചു. ബംഗ്ലാദേശ് നിരയിൽ മൂന്ന് പേർ മാത്രം രണ്ടക്കം കടന്നപ്പോൾ നാല് പേർ റൺസൊന്നുമെടുക്കാതെ കൂടാരം കയറി. 29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. 24 റൺസെടുത്ത ലിറ്റൺ ദാസ് പരിക്കേറ്റ് മടങ്ങി.
ഇന്ത്യക്ക് വേണ്ടി ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകളും വീഴ്‌ത്തി.















