Devendra Fadnavisമുംബൈ: മുഖ്യമന്ത്രി കസേരയില്‍ ഫഡ്നാവിസിന് ഇത് രണ്ടാമൂഴം. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനു ശേഷം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ് കൂടിയാണ് ഫഡ്നാവിസ്. 2014-ഒക്ടോബറില്‍ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായാണ് ഫഡ്നാവിസ് ചുമതലയേറ്റത്. കാല് നൂറ്റാണ്ട് കാലം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് ഫഡ്നാവിസ് മുഖ്യമന്ത്രി പദവിയിലെത്തിയത്.
മഹാരാഷ്ട്രയെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഫഡ്നാവിസ് രാഷ്ട്രീയത്തിലെത്തുന്നത്. 21-ാം വയസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ മേയറായി. പിന്നീട് തുടര്‍ച്ചയായി മേയര്‍ സ്ഥാനം അലങ്കരിച്ചു. 1999- മുതല്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പ് വിജയങ്ങള്‍. തുടര്‍ന്ന് 2014-ല്‍ മുഖ്യമന്ത്രി പദത്തിലേക്ക്.
2019-ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഫഡ്നാവിസ് രാജിവെച്ചത്. സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി ഒരു മാസത്തിലേറെയായി നിലനിന്നിരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിച്ചു കൊണ്ടാണ് ഫഡ്നാവിസ് ഇന്ന് രാവിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
അധികാര കസേരയുടെ പേരില്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച് ത്രികക്ഷി സഖ്യമുണ്ടാക്കിയ ശിവസേന സ്വപ്നത്തില്‍ പോലും കാണാത്ത നീക്കമാണ് മഹാരാഷട്രയില്‍ നടന്നത്. ഒരിക്കലും ചേരാത്ത ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് കിട്ടിയത്.
ഒന്ന് ഇരുട്ടി വെളുക്കുന്നതിനിടെ കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് എന്‍സിപി മറുകണ്ടം ചാടിയതോടെയാണ് സംസ്ഥാനത്ത് നാടകീയ മാറ്റം അരങ്ങേറിയത്. ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോഴാണ് ശിവസേനയും സഖ്യ കക്ഷികളും ഭരണം കൈവിട്ടു പോയത് അറിയുന്നത്.
അഞ്ചു വര്‍ഷം മഹാരാഷ്ട്രയില്‍ ഭരിക്കുമെന്ന ശിവസേനയുടെ സ്വപ്നമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. പുലര്‍ച്ചെ ആറുമണിയോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. തുടര്‍ന്ന് എട്ടു മണിയോടെ ഫഡ്നാവിസ് രാജ് ഭവനില്‍ വെച്ച് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനവിധി അട്ടിമറിക്കാനായിരുന്നു ശിവസേന ശ്രമിച്ചത്. എന്നാല്‍ കിച്ചടി സര്‍ക്കാരിനു വേണ്ടിയല്ല, സ്ഥിരതയുള്ള സര്‍ക്കാരിനു വേണ്ടിയാണ് ജനം വിധിയെഴുതിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
1970-ല്‍ നാഗപൂരിലായിരുന്നു ഫഡ്നാവിസിന്റെ ജനനം. നിയമം, ബിസിനസ് മാനേജ്മെന്റ് പ്രോജക്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. ഗായികയും സാമൂഹിക പ്രവര്‍ത്തകയും ആക്സിസ് ബാങ്ക് കോര്‍പ്പറേറ്റ് മേധാവിയുമായ അമൃത ഫഡ്നാവിസാണ് ഭാര്യ.