എറണാകുളം : പെരുമ്പാവൂരില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതി ഉമര്‍ അലി ആസാമില്‍ സ്ഥിരമായി സ്ത്രീകളെ ഉപദ്രവിച്ചിരുന്നതായും, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. പെരുമ്പാവൂരിലെ സംഭവത്തിന് ശേഷം ഇയാളുടെ സ്വദേശമായ സദറില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് പ്രതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
സംഭവ സമയത്തും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായാണ് പോലീസ് കണ്ടെത്തല്‍. പ്ലൈവുഡ് ഫാക്ടറികളിലും ചെരുപ്പു നന്നാക്കുന്നവരും ഉപയോഗിക്കുന്ന പശകള്‍ ചേര്‍ത്ത് ചൂടാക്കിയ മിശ്രിതമാണ് ഇയാള്‍ ലഹരിക്കായി ഉപയോഗിക്കാറ്. അസാമിലും സ്ത്രീകളെ ഇയാള്‍ ഉപദ്രവിച്ചിരുന്നു എന്നും പാലീസ് വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പാണ് ഉമര്‍ അലി പെരുമ്പാവൂരില്‍ എത്തിയത്. പ്രത്യകിച്ച് പണിയൊന്നും ഇല്ലാത്ത ഇയാള്‍ ഭൂരിഭാഗം സമയത്തും ടൗണ്പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കാറാണ് പതിവ്. നിലവില്‍ ഇയാള്‍ക്കെതിരെ പെരുമ്പാവൂരില്‍ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയെ ഇരുപതിലേറെ തവണ പ്രതി തൂമ്പാകൊണ്ട് വെട്ടുന്നതായി ദൃശ്യങ്ങളില്‍ കാണാം. പീഡനത്തിന് ശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് ഉമര്‍ സ്ഥലത്തു നിന്നും പോയത്. വിശദമായ അന്വേഷണത്തിനായി ഉമറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും.