എറണാകുളം: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതാണ് അമേഠിയിലെ പരാജയത്തിന് കാരണം. ഇടതു പക്ഷത്തിനെതിരെ ആയിരുന്നില്ല രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനസംഘടന വൈകുന്നതിന്റെ കാരണം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ആണ്. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ എടുക്കണമെന്നാണ് താന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളുടെ ഇഷ്ടക്കാരെ ഇവര്‍ പട്ടികയിലേക്ക് തിരികി കയറ്റുകയാണ് ചെയ്തത്. എംഎല്‍എമാരെ മാറ്റി നിര്‍ത്തണമെന്നും പലതവണ ഭാരവാഹിത്വം വഹിച്ചവരെ നീക്കണമെന്നും തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ രമേശ് ചെന്നിത്തലയോ, ഉമ്മന്‍ ചാണ്ടിയോ ചെവിക്കൊണ്ടില്ല. ഇവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ജമ്പോ ലിസ്റ്റ് ചുരുക്കാനാണ് എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചത്. അതില്‍ കൃത്യമായ തീരുമാനം പോലും എടുക്കാതെ പുനസംഘടന നീട്ടി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പിസി ചാക്കോ വ്യക്തമാക്കി.
കേരളത്തില്‍ കോണ്‍ഗ്രസ് തളര്‍ന്നിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവിടങ്ങളിലെ തോല്‍വികള്‍ കനത്ത ക്ഷീണമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. എറണാകുളത്ത് പാര്‍ട്ടി ഇല്ലാത്ത അവസ്ഥയാണ് നിലവില്‍. ജില്ലയില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. എറണാകുളത്തെ നിറം മങ്ങിയ വിജയം കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കരുത് എന്നായിരുന്നു തന്റെ തീരുമാനം. വയനാട്ടില്‍ മത്സരിച്ചതാണ് അമേഠിയിലെ തോല്‍വിക്കു കാരണമായത്. രാഹുല്‍ ഗാന്ധി ഇടതു പക്ഷത്തിനെതിരെ അല്ല മത്സരിക്കേണ്ടിയിരുന്നതെന്നും പിസി ചാക്കോ പറഞ്ഞു.