നാല്പത്തിയെട്ടാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ അവിസ്മരണീയമാക്കുകയാണ്
യുഎഇ. ദേശീയ പതാകയുടെ ചതുര്‍വര്‍ണ പ്രഭയാണ് രാജ്യമെങ്ങും. ആഘോഷങ്ങളുടെ ഭാഗമായി അബുദാബി കോർണിഷിൽ വ്യോമ അഭ്യാസ പ്രകടനങ്ങളും വർണ്ണാഭമായ കരിമരുന്ന് പ്രയോഗവും നടന്നു.അബുദാബി കേരള സോഷ്യൽ സെന്റർ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഞായറാഴ്ചയും ,തിങ്കളാഴ്ചയുമാണ് ആഘോഷം നടന്നത് . ഞായറാഴ്ച രാത്രി നടന്ന വർണ്ണാഭമായ ഘോഷയാത്രയോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. യു.എ. ഇയുടെ വസ്ത്ര രീതിയെ ആസ്പദമാക്കി സംഘടിപ്പിച്ച ഡ്രസ്സിംഗ് കോമ്പറ്റിഷൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. 40 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത് .തുടർന്ന് യു.എ.ഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും അരങ്ങേറി. കേരള ലോകസംഭംഗം മുരളി കാരയിൽ പരിപാടികൾ ഉത്ഘാടനം ചെയ്തു. ദേശീയ ദിനത്തിൽ രാവിലെ അബുദാബി കോർണിഷിൽ സംഘടിപ്പിച്ച വാക്കത്തോണിൽ നിരവധിപേർ പങ്കെടുത്തു . ചെണ്ടമേളം, അറബിക് ഡാൻസ് തുടങ്ങിയവ വാക്കത്തോണിന് മാറ്റുകൂട്ടി.ദുബായ് അൽ മംസാർ ബീച്ചിൽ മർക്കസിന്റെ നേതൃത്വത്തിൽ ദേശിയ ദിന റാലി നടന്നു.ഉന്നത സർക്കാർ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.യു.എ.ഇ ദേശീയപതാകയുടെ നിറത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞെത്തിയ കുട്ടികളും മുതിർന്നവരും ആഘോഷകാഴ്ച്ചകളായി. ദേശീയദിനത്തിന്റെ ഭാഗമായി അജ്മാനിൽ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണാഭമായ റാലി നടത്തി. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു .ഈസ്റ്റ് പോയിന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെയും സിറ്റി സ്കൂളിലെയും വിദ്യാർത്ഥികളുടെ ബാൻഡ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
—