പെര്‍ത്ത്: ക്രിക്കറ്റ് അമ്പയറിംഗിലെ ഏറെ ബഹുമാനിക്കപ്പെട്ട സ്റ്റീവ് ബക്കനറുടെ റെക്കോഡ് മറികടന്ന് പാകിസ്ഥാന്‍ അമ്പയര്‍ അലീം ദാര്‍. ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ച അമ്പയര്‍ എന്ന സ്ഥാനം ഇനി അലിംദാറിന് സ്വന്തം. വ്യാഴാഴ്ച പെര്‍ത്തിലാരംഭിച്ച ഓസ്‌ട്രേലിയ- ന്യൂസിലാന്റ് ആദ്യ ടെസ്റ്റില്‍ കളി നിയന്ത്രിക്കാന്‍ ഇറങ്ങിയതോടെയാണ് സ്റ്റീവിനെ അലിം ദാര്‍ മറികടന്നത്.
പാകിസ്ഥാനിലെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ദീര്‍ഘകാലത്തെ അനുഭവപരിചയമാണ് അമ്പയറിംഗിലേക്ക് എത്തിച്ചത്. 51 കാരനായ അലിംദാര്‍ നിലവില്‍ 129-ാംമത്തെ ടെസ്റ്റ് മത്സരമാണ് നിയന്ത്രിക്കുന്നത്. 2003ല്‍ ധാക്കയില്‍ ബംഗ്ലാദേശ്-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലാണ് അരങ്ങേറ്റം നടത്തിയത്. അമ്പയറിംഗിലെ ആധികാരിക സാന്നിധ്യമായിരുന്ന സ്റ്റീവ് ബക്കനര്‍ 128 ടെസ്റ്റുകളാണ് നിയന്ത്രിച്ചത്. 181 ഏകദിനങ്ങളും നിയന്ത്രിച്ച ബക്ക്‌നര്‍ 1989 ല്‍ തുടങ്ങി 2009 വരെ ക്രിക്കറ്റ് മൈതാനത്തെ നിറ സാന്നിധ്യമായിരുന്നു.
അലിംദാറിന്റെ ക്രിക്കറ്റ് യാത്രയില്‍ നിരവധി ലോക റെക്കോഡുകള്‍ക്കാണ് മൈതാനം സാക്ഷിയായത്. ബ്രയാല്‍ ലാറ 400 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ടെസ്റ്റ്, ഏകദിനത്തിലെ ഏറ്റവും ആവേശകരമായ റണ്‍ചേസ്സ് ആയി അറിയപ്പെട്ട ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയുടെ 434 റണ്‍സിന്റെ മത്സരവും നിയന്ത്രിച്ചതിന്റെ അനുഭവവും അലിംദാര്‍ പങ്കുവച്ചു. നിലവില്‍ 207 ഏകദിനങ്ങളും നിയന്ത്രിച്ചു കളിഞ്ഞു. അതിലും ദക്ഷിണാഫ്രിക്കന്‍ അമ്പയറായ റൂഡി കോര്‍ട്‌സണിന്റെ 209 എന്നതിനേക്കാള്‍ 2 മത്സരങ്ങള്‍ അകലെ മാത്രമാണ് നിലവില്‍ അലിംദാര്‍ എത്തിനില്‍ക്കുന്നത്. 46 അന്താരാഷ്‌ട്ര ടി20കളും അലിംദാറിന്റെ പേരിലുണ്ട്.















