ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഞായറാഴ്ചത്തെ മത്സരത്തില്‍ ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളില്‍ ടോട്ടനം ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും സമനിലയില്‍ പിരിഞ്ഞു.
ഒരു ഘട്ടത്തില്‍ പോലും ആഴ്‌സണലിന് അവസരം നല്‍കാത്തവിധമുള്ള കളിയാണ് സിറ്റി പുറത്തെടുത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി ആഴ്്‌സണലിനെ തകര്‍ത്തത്. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് സിറ്റി നേടിയത്. കെവിന്‍ ഡീ ബ്രൂയിനിന്റെ ഇരട്ട ഗോളുകളാണ് കളിയുടെ പ്രത്യേകത. കളിതുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ കെവിന്‍ ആദ്യ ഗോള്‍ നേടി.തുടര്‍ന്ന് 15-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗ് ടീമിന് 2-0ന്റെ ലീഡ് നേടിക്കൊടുത്തു. 40-ാം മിനിറ്റില്‍ കെവിന്‍ തന്റെ രണ്ടാം ഗോളും നേടി.
രണ്ടാം മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വൂള്‍വ്‌സിനെ തോല്‍പ്പിച്ചത്. കളിയുടെ എട്ടാം മിനിറ്റില്‍ ലൂക്കാസ് മൗരയാണ് ടോട്ടനത്തിന് ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ അദാമ ട്രോറെ വൂള്‍വ്‌സിനായി സമനില ഗോള്‍ നേടി. എന്നാല്‍ കളിയുടെ അവസാനം കിട്ടിയ അധിക സമയത്ത് ജാന്‍ വെറോണെയാണ് വിജയഗോളിലൂടെ ടോട്ടനത്തെ ജയിപ്പിച്ചത്.
ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എവര്‍ട്ടണിനെതിരെ സമനില വഴങ്ങേണ്ടിവന്നു. ആദ്യ ഗോള്‍ എവര്‍ട്ടണിന്് വിക്ടര്‍ ലിന്റോഫാണ് സ്വന്തം പിഴവിലൂടെ എതിര്‍ടീമിന് ഗോള്‍ നല്‍കിയത്. 36-ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോളടിച്ചത്. തുടര്‍ന്ന് 77-ാം മിനിറ്റില്‍ മാസണ്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു.
ലീഗിലെ 17-ാം കളിദിനത്തില്‍ പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാമതായി തുടരുന്നു. ലെസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും നാലാം സ്ഥാനത്ത് ചെല്‍സിയുമുണ്ട്. ടോട്ടനം അഞ്ചാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 6-ാമതുമാണ്. ആഴ്‌സണല്‍ ഇന്നലത്തെ തോല്‍വിയോടെ 9-ാം സ്ഥാനത്തുമാണ്.















