കറിവെയ്‌ക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് നമ്മളില്‍ പലരും. ചേരുവകകള്‍ എല്ലാം പാകത്തില്‍ ചേര്‍ത്ത് ഉണ്ടാക്കിയ കറിയില്‍ ഉപ്പ് കൂടിപ്പോയാലുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കറികളില്‍ ഉപ്പ് കൂടിപ്പോയാല്‍ അത് പരിഹരിക്കുന്നതിനായുള്ള ചില പൊടിക്കൈകള്‍ നോക്കാം.
1. കറിയില്‍ ഉപ്പ് കൂടിപ്പോയെന്ന് മനസിലായാല്‍ ഉടന്‍ അല്‍പം വെള്ളം ചേര്‍ക്കണം. വെള്ളം ചേര്‍ത്ത ഷേഷം നന്നായി തിളപ്പിക്കാനും ശ്രദ്ധിക്കണം.
2. ഉപ്പ് കുറയ്‌ക്കാന്‍ ഏറെ പ്രയോജനപ്രമായ ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് 20 മിനിറ്റോളം വേവിക്കണം. പിന്നീട് ഇവയെ കറിയില്‍ നിന്നും മാറ്റിയിടാവുന്നതാണ്.
3. സവാള ചേര്‍ക്കുന്നതും ഉപ്പ് കുറയ്‌ക്കാന്‍ സാഹായിക്കും. സവാള വട്ടത്തില്‍ അരിഞ്ഞ് ചേര്‍ത്ത് കുറച്ച് നേരം വേവിക്കണം. പിന്നീട് വേണമെങ്കില്‍ ഇവ എടുത്ത് മാറ്റാം.
4. ഉപ്പ് കുറയ്‌ക്കാനായി അധികം പുളിയില്ലാത്ത വെണ്ണയോ തൈരോ വേണമെങ്കിലും കറിയില്‍ ചേര്‍ക്കാം. എത്ര ഉപ്പാണോ കൂടിയത് അതിനനുസരിച്ച് വേണം ഇവ ചേര്‍ക്കാന്‍.
5. കറിയില്‍ ഉപ്പ് കൂടിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും നല്ലതാണ്.
6. ചെറുതായി അരിഞ്ഞ തക്കാളിയോ അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് അല്‍പ നേരം കൂടി കറി വേവിച്ചാലും ഉപ്പ് കുറയ്‌ക്കാന്‍ കഴിയും.
7. കറികളിലെ ഉപ്പ് കുറയ്‌ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് പഞ്ചസാരയും വിനാഗിരിയും. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ചേബിള്‍ സ്പൂണ് പഞ്ചസാരയുമാണ് ഇതിനായി ചേര്‍ക്കേണ്ടത്.
8. ഗോതമ്പ് മാവ് കുഴച്ച് ഉരുളകളാക്കി ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം. മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലിട്ട് 10- 15 മിനിട്ട് വരെ വേവിച്ച ശേഷം എടുത്ത് മാറ്റിയാല്‍ മതി.















