ഗ്ലാസ്ഗോ: പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ സ്റ്റാര്‍ വെയ്റ്റ്ലിഫ്റ്റര്‍ മീരാബായ് ചാനു. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് മീരാബായ് വീണ്ടും ചരിത്രം കുറിച്ചു. ആകെ 190 കിലോഗ്രാം ഉയര്‍ത്തിയാണ് 31-കാരി സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ റിഷികാന്ത സിങ് വെള്ളിയും പാരാ പവര്‍ലിഫ്റ്റര്‍ ഝണ്ടു കുമാര്‍ വെങ്കലവും നേടിയിരുന്നു.
സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 82 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ മീരാബായ് പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ അതേ ഭാരം വിജയകരമായി ഉയര്‍ത്തി തിരിച്ചെത്തി. തുടര്‍ന്ന് മൂന്നാം ശ്രമത്തില്‍ 85 കിലോഗ്രാം ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 105 കിലോഗ്രാം ഉയര്‍ത്തിയാല്‍ സ്വര്‍ണം ഉറപ്പിക്കാമായിരുന്നു. ആദ്യ ശ്രമം വിജയിക്കാതിരുന്നെങ്കിലും രണ്ടാം ശ്രമത്തില്‍ ലക്ഷ്യം കണ്ട മീരാബായ് സ്വര്‍ണം ഉറപ്പിച്ചു. തുടര്‍ന്ന് മൂന്നാം ശ്രമം ഒഴിവാക്കി.
നൈജീരിയയുടെ റൂത്ത് അസുക്വോ ന്യോങ് വെള്ളിയും മലേഷ്യയുടെ ഐറിന്‍ ജെയ്ന്‍ ഹെന്റി വെങ്കലവും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാബായ് ചാനുവിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണിത്. 2018 ഗോള്‍ഡ് കോസ്റ്റിലും 2022 ബര്‍മിംഗ്ഹാമിലും സ്വര്‍ണം നേടിയ താരം, 2026-ലും കിരീടം നിലനിര്‍ത്തി. 2014 ഗ്ലാസ്ഗോ ഗെയിംസില്‍ വെള്ളി നേടിയ മീരാബായ്, പിന്നീട് നടന്ന മൂന്ന് പതിപ്പുകളിലും സ്വര്‍ണം സ്വന്തമാക്കി. ഇതോടെ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ നിന്ന് ഒരു വെള്ളിയും മൂന്ന് സ്വര്‍ണവും ഉള്‍പ്പെടെ നാല് മെഡലുകള്‍ എന്ന അപൂര്‍വ നേട്ടവും ഇന്ത്യന്‍ താരം സ്വന്തമാക്കി.
വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഗ്ലാസ്ഗോയില്‍ തുടരുകയാണ്. റിഷികാന്ത സിങ്ങിന്റെ വെള്ളിക്കും മീരാബായ് ചാനുവിന്റെ സ്വര്‍ണത്തിനും പിന്നാലെ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ എം. രാജയും മത്സരത്തിനിറങ്ങും. വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക ഇനിയും സമ്പന്നമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.















