ന്യൂഡല്‍ഹി: കളിക്കളത്തിനകത്തും പുറത്തും വീറും വാശിയും കൈമോശം വരാത്ത വ്യക്തിത്വത്തിന് ഉടമയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ക്രിക്കറ്റ് മൈതാനങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ എടുത്തിരുന്ന ദാദ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തും സമാന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടെ സൗരവ് ഗാംഗുലി എന്ന കളിക്കാരനേക്കാള്‍ ഉപരി അദ്ദേഹത്തിലെ നല്ല മനുഷ്യനെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖ്.
2005-2006 സീസണിലെ ഒരു സംഭവമാണ് മുഷ്താഖ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്നോടൊപ്പം ഗാംഗുലി ചിലവഴിച്ച 40 മിനിട്ടുകളാണ് സഖ്‌ലൈന്‍ മുഷ്താഖ് എന്ന ഇതിഹാസ സ്പിന്നര്‍ സന്തോഷത്തോടെ ഓര്‍ക്കുന്നത്. രണ്ട് കാല്‍മുട്ടിനും പരിക്കേറ്റതിനെ തുടര്‍ന്ന് സഖ്‌ലൈന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് 36-37 ആഴ്ചകളാണ് അദ്ദേഹം വിശ്രമത്തിലായിരുന്നത്. ഈ കാലയളവില്‍ മാനസികമായും ശാരീരകമായും സഖ്‌ലൈന്‍ തളര്‍ന്നുപോയിരുന്നു.
പരിക്കില്‍ നിന്ന് മോചിതനായി സസെക്‌സ് ടീമില്‍ സഖ്‌ലൈന്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യക്ക് സസെക്‌സുമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന മത്സരമുണ്ടായിരുന്നു. സഖ്‌ലൈന്‍ കളിക്കാനിറങ്ങിയെങ്കിലും ഗാംഗുലി ടീമിലുണ്ടായിരുന്നില്ല. മത്സരത്തില്‍ ടോസ് നേടിയ സസെക്‌സ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരം കാണാന്‍ ഗാംഗുലിയുമെത്തിയിരുന്നു.
എന്നാല്‍ ഗാംഗുലി ബാല്‍ക്കണിയിലിരുന്ന് മത്സരം കാണുന്ന കാര്യം സഖ്‌ലൈന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഗാംഗുലി സഖ്‌ലൈനെ കാണാന്‍ ഡ്രസിംഗ് റൂമിലെത്തുകയും ശസ്ത്രക്രിയയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിക്കുകയും ചെയ്തു. ഇത് തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്നും താന്‍ അത്രയധികം സന്തോഷവാനായിരുന്നു എന്നും സഖ്‌ലൈന്‍ മുഷ്താഖ് പറയുന്നു.
ഇന്ത്യന്‍ നായകനായിരുന്ന സമയത്ത് ഗാംഗുലി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നതെന്നും നിലവില്‍ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇനിയും ബഹുദൂരം മുന്നോട്ട് പോകുമെന്നും സഖ്‌ലൈന്‍ മുഷ്താഖ് പറഞ്ഞു.















