ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അപ്രാഖ്യാപിത ചാമ്പ്യന്മാരായി ലിവര്‍പൂളിന്റെ ചെമ്പട മുന്നേറ്റത്തില്‍. ലീഗിലെ 19-ാം കളിദിനത്തില്‍ ലീഗിലെ മുന്‍നിരക്കാരായ ലെസ്റ്ററിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ചെമ്പട തകര്‍ത്തത്. ഒരാഴ്ചക്കിടെ രണ്ടു മത്സരം കളിക്കുന്ന ക്ലോപ്പിന്റെ കുട്ടികള്‍ പോയിന്റു നിലയിലും ബഹുദൂരം മുന്നിലാണ്.
റോബര്‍ട്ടോ ഫെര്‍മിനോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ലിവര്‍പൂള്‍ ജയിച്ചത്. ജെയിംസ് മില്‍നറും, ട്രെന്റ് അലക്സാണ്ടറും ഗോളുകള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ ഒരു ഗോളിനുമാത്രം മുന്നിലായിരുന്ന ലിവര്‍പൂള്‍ 70-ാം മിനിറ്റുകളില്‍ ലെസ്റ്ററിന്റെ ഗോള്‍മുഖത്ത് അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
ഫിര്‍മിനോയുടെ ആദ്യ ഗോള്‍ 31-ാം മിനിറ്റിലായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയുടെ 71-ാം മിനിറ്റില്‍ ജെയിംസ് മില്‍നര്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റി. 74-ാം മിനിറ്റില്‍ ഫിര്‍മിനോ രണ്ടാം നേട്ടത്തിലൂടെ ടീമിന്റെ മൂന്നാം ഗോളും നേടി. 78-ാം മിനിറ്റില്‍ തുടര്‍ച്ചയായ 4-ാം ഗോള്‍ ലിവര്‍പൂളിനായി ട്രെന്റ് അര്‍നോള്‍ഡ് നേടി. മറ്റന്നാള്‍ വൂള്‍വ്സിനെതിരെ കളിക്കിറങ്ങും.
പോയിന്റ് നിലയില്‍ 18 കളികളിലായി ലിവര്‍പൂളിന് 52 പോയിന്റായിക്കഴിഞ്ഞു.രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ 19 കളികളിലായി 39 പോയിന്റാണ് നേടിയിരിക്കുന്നത്. 38 പോയിന്റോടെ നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും ചെല്‍സി 32 പോയിന്റുകളോടെ നാലാം സ്ഥാനത്താണ്. 29 പോയിന്റുകള്‍ മാത്രമുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്.















