നിരവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സര്‍വ്വ സുഗന്ധി. ഗ്രാമ്പു, ജാതി, കറുവ തുടങ്ങിയ മൂന്ന് സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതിനാലാണ് ഇതിന് സര്‍വ്വ സുഗന്ധി എന്ന പേര് വന്നത്. ആഹാരത്തിന് രുചിയും മണവും വര്‍ധിപ്പിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മധുര പലഹാരങ്ങള്‍, ജാം, ജെല്ലി, എന്നിവയില്‍ മണം വര്‍ധിപ്പിക്കാനായി ഇത് ഉപയോഗിക്കുന്നുണ്ട്.
ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ സര്‍വ്വസുഗന്ധിക്കുണ്ട്. പല്ലുവേദനയ്‌ക്കും മോണ വേദനയ്‌ക്കും മികച്ച പരിഹാരമാണ് സര്‍വ്വസുഗന്ധി. പല്ലിലെ കറ, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ മാര്‍ഗമാണ് ഇത്. നെഞ്ചെരിച്ചിലിനും അസിഡിറ്റിയ്‌ക്കും സര്‍വ്വസുഗന്ധിയുടെ ഇലകള്‍ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ സര്‍വ്വസുഗന്ധി മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിന്റെ ഇലകളിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാണ്.
ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം കുറയ്‌ക്കാനും ഇതിന് കഴിവുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സര്‍വ്വ സുഗന്ധി സഹായിക്കും.















