ഹരാരെ: ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും പന്ത് കൈയിലെടുത്തപ്പോള്‍ ചരിത്രം കുറിച്ച് അഭിഷേക് ശര്‍മ. സിംബാബ്വെക്കെതിരായ രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍, അന്താരാഷ്‌ട്ര ടി20യില്‍ ഒരു ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ പുറത്തെടുക്കുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ അഭിഷേക്, സിംബാബ്വെയുടെ വിജയപ്രതീക്ഷകള്‍ പൂര്‍ണമായും തകര്‍ത്തു.
അദ്ദേഹത്തിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ഉറപ്പിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ അഭിഷേകിന് ഇത്തവണ തിളങ്ങാനായില്ല. എട്ട് റണ്‍സില്‍ ബ്ലെസിങ് മുസരബാനിയുടെ പന്തില്‍ മടങ്ങിയ താരം, ബൗളിങ്ങിലൂടെ അതിന്റെ നിരാശ പൂര്‍ണമായും മറികടന്നു.
220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയെ സമ്മര്‍ദത്തിലാക്കുന്ന നിര്‍ണായക ബ്രേക്ക്ത്രൂവാണ് അഭിഷേക് സമ്മാനിച്ചത്. 11 പന്തില്‍ രണ്ട് സിക്സും ഒരു ഫോറുമടക്കം 19 റണ്‍സുമായി അപകടകരമായി ബാറ്റ് വീശിയ ബ്രാഡ് ഇവാന്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യയ്‌ക്ക് വലിയ ആശ്വാസം നല്‍കി. പിന്നാലെ ന്യൂമാന്‍ ന്യാംഹുരിയെയും റിച്ചാര്‍ഡ് എന്‍ഗരവയെയും പുറത്താക്കി മത്സരത്തില്‍ ഇന്ത്യയുടെ പിടിമുറുക്കി. ന്യാംഹുരിയും ക്ലീന്‍ ബൗള്‍ഡിലൂടെയാണ് മടങ്ങിയത്.
ഈ പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഓപ്പണര്‍മാരുടെ അപൂര്‍വ റെക്കോര്‍ഡ് പട്ടികയിലും അഭിഷേക് ഇടം നേടി. ടെസ്റ്റില്‍ 1952ല്‍ പാകിസ്ഥാനെതിരെ 52 റണ്‍സിന് 8 വിക്കറ്റ് നേടിയ വിനു മങ്കാദും, ഏകദിനത്തില്‍ 1991ല്‍ ഓസ്‌ട്രേലിയക്കെതിരെ 15 റണ്‍സിന് 5 വിക്കറ്റ് വീഴ്‌ത്തിയ രവി ശാസ്ത്രിയുമാണ് യഥാക്രമം മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോര്‍ഡുകാര്‍. ടി20യില്‍ ആ പട്ടികയുടെ മുകളിലേക്ക് ഇപ്പോള്‍ അഭിഷേക് ശര്‍മയും എത്തി.
ബാറ്റില്‍ പരാജയപ്പെട്ട മത്സരത്തില്‍ തന്നെ പന്തുകൊണ്ട് ചരിത്രം കുറിച്ച അഭിഷേക്, ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ സിംബാബ്വെയുടെ ഇന്നിങ്‌സ് 129 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ട് പ്രതീക്ഷയായി അഭിഷേക് വീണ്ടും തന്റെ മൂല്യം തെളിയിച്ച മത്സരമായിരുന്നു ഇത്.















