വഡോദര: ഫോം തുടര്‍ച്ചയില്‍ വിഷമിക്കുന്ന ഋഷഭ് പന്തിനോട് വിമര്‍ശനങ്ങളെ വകവെക്കാതെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനുള്ള ഉപദേശവുമായി മുന്‍ അന്താരാഷ്‌ട്ര താരം പാര്‍ത്ഥിവ് പട്ടേല്‍. നിരന്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കളിയിലൂടെ മാത്രമേ സാധിക്കൂവെന്നും പട്ടേല്‍ പറഞ്ഞു.
ധോണിക്ക് പകരക്കാരനെന്ന രീതിയില്‍ ടീമില്‍ എത്തിയ 22 കാരന്‍ പക്ഷെ മികച്ച ഫോം കിട്ടാതെ കഷ്ടപ്പെടുകയാണ്. വിക്കറ്റ് കീപ്പിംഗിലും ശരാശരിയില്‍ താഴെ പ്രകടനം മാത്രമാണ് പന്ത് പുറത്തെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന ഗുജറാത്തിന്റെ തന്നെ പാര്‍ത്ഥിവ് പട്ടേല്‍ ഉപദേശവുമായി രംഗത്തുള്ളത്.
‘ഇന്നത്തെ യുവതാരങ്ങള്‍ക്ക് ലോകോത്തര കളിക്കാരുമായി ഒന്നിച്ചു കളിക്കാനും ഇടപഴകാനും ധാരാളം അവസരമാണുള്ളത്. എന്നാല്‍ നിങ്ങള്‍ ഫോമിലല്ലെങ്കില്‍ നാലുവശത്തുനിന്നു ഉപദേശങ്ങളും വിമര്‍ശനങ്ങളും വന്നുകൊണ്ടേയിരിക്കും. അതിലൊന്നും ചെവികൊടുക്കാതിരിക്കാലാണ് നല്ല മാര്‍ഗ്ഗം.’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.















