ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ നായിക സ്മൃതി മന്ദാനയെ യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി നിയമിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് തുല്യാവസരങ്ങള്‍ ഉറപ്പാക്കുക, ആരോഗ്യം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന സ്മൃതിയുമായി കൈകോര്‍ക്കുന്നത്. അന്താരാഷ്‌ട്ര പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ചാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍, സുരക്ഷ, നേതൃത്വം, കഴിവുകള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുകയും അവരുടെ മുന്നേറ്റത്തിന് തടസ്സമാകുന്ന സാഹചര്യങ്ങള്‍ ചര്‍ച്ചയാക്കുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പുതിയ ചുമതലയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനും ആരോഗ്യ-ക്ഷേമ മേഖലകളിലെ പുരോഗതിക്കും സ്മൃതി പിന്തുണ നല്‍കും. പഠിക്കാനും കളിക്കാനും നേതൃത്വപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള യൂണിസെഫിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കാളിയാകും. യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്മൃതി മന്ദാന പ്രതികരിച്ചു. ക്രിക്കറ്റ് കളിച്ചുവളര്‍ന്ന അനുഭവം ഓരോ സ്വപ്‌നത്തിന്റെയും തുടക്കം ഒരു അവസരമാണെന്ന് തന്നെ പഠിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും പ്രോത്സാഹനവും ലഭിക്കുമ്പോള്‍ ആ അവസരം അസാധാരണമായ നേട്ടങ്ങളിലേക്ക് നയിക്കാം. ഓരോ കുട്ടിക്കും യുവാവിനും വലിയ സ്വപ്‌നങ്ങള്‍ കാണാനും സ്വന്തം കഴിവുകളുടെ പരമാവധി കൈവരിക്കാനും അവസരം ലഭിക്കണമെന്നും സ്മൃതി വ്യക്തമാക്കി. കായികരംഗത്തെ സ്വാധീനം സാമൂഹിക മുന്നേറ്റത്തിനായി പ്രയോജനപ്പെടുത്താനുള്ള യൂണിസെഫിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സ്മൃതിയുടെ നിയമനം. പെണ്‍കുട്ടികള്‍ക്ക് തുല്യമായ അവസരങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിലൂടെ അവരുടെ ഭാവി കൂടുതല്‍ ശാക്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.















