മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ട് മുഖ്യ സെലക്ടര്‍ എംഎസ്‌കെ.പ്രസാദ്. കേരളത്തില്‍ നിന്ന് രഞ്ജിട്രോഫിയിലെ സ്ഥിരതയാര്‍ന്ന പ്രകടനത്താല്‍ മികവുകാട്ടിയ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും ടീമില്‍ വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കേണ്ടവരാണെന്ന് പ്രസാദ് വ്യക്തമാക്കി. മികച്ച 10 പേരുകളാണ് പ്രസാദ് മുന്‍ഗണനാക്രമത്തില്‍ പറഞ്ഞത്.
തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലകടര്‍ എന്ന നിലയില്‍ ഏറെ പ്രശംസ നേടിയെടുത്ത പ്രസാദ് കാലാവധി പൂര്‍ത്തിയാക്കികഴിഞ്ഞു. ഇതിനിടെയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ഭാവിതാരങ്ങളെപ്പറ്റി പ്രസാദിന്റെ വിശകലനം ആരാഞ്ഞത്.
ബാറ്റിംഗില്‍ നാലു താരങ്ങളെയാണ് ഭാവിയിലേക്ക് പ്രതീക്ഷയോടെ കാണുന്നത്. മായങ്ക് അഗര്‍വാള്‍, പ്രൃഥ്വി ഷാ, അഭിമന്യൂ ഈശ്വര്‍, പ്രീയങ്ക് പാഞ്ചാള്‍ എന്നിവരാണ് പട്ടികയിലുള്ളത്. എല്ലാവരും രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയവരാണ്. ബൗളിംഗില്‍ 6 പേര്‍ക്കാണ് സാധ്യത. ഇതില്‍ പേസ് ബൗളര്‍മാരില്‍ നവ്ദീപ് സെയ്‌നി, ആവേശ് ഖാന്‍, മലയാളികളായ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും, ഇഷാന്ത് പോറല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ടി20യില്‍ ഏറ്റവും കൃത്യതയാര്‍ന്ന യോര്‍ക്കറുകളിലൂടെ ഏതിരാളികളെ കുഴക്കുന്ന താരമെന്നാണ് പ്രസാദ് ബേസില്‍ തമ്പിയെ വിശേഷിപ്പിക്കുന്നത്.72 ഫസ്റ്റ് ക്ലാസ്സ് വിക്കറ്റുകളും ബേസില്‍ നേടിക്കഴിഞ്ഞു. സന്ദീപ് വാര്യര്‍ നിലവില്‍ ഇന്ത്യന്‍ ഏ ടീമിലെടുത്തു കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ ശോഭിക്കുമെന്നും പ്രസാദ് വിലയിരുത്തുന്നു.















