റിയാദ്: സൗദി അറേബ്യയില്‍ കൊടും ഭീകരനെ സുരക്ഷാ സേന പിടികൂടി.
സൗദി ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഹുസ്സൈന്‍ അല്‍ അമാര്‍ ആണ് സൗദി സുരക്ഷാ സേനയുടെ പിടിയിലായത്. കിഴക്കന്‍ സൗദിയിലെ ഖത്വീഫില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
2016-ല്‍ ജഡ്ജിയായിരുന്ന ഷൈഖ് മുഹമ്മദ് അല്‍ ജീറാനിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് അല്‍ അമാര്‍. 2016 നവംബര്‍ 16നാണ് കിഴക്കന്‍ പ്രവിശ്യയിലെ എന്‍ഡോവ്മെന്റ്, ഇന്‍ഹെറിറ്റന്‍സ് ജഡ്ജിയായിരുന്ന ശൈഖ് മുഹമ്മദ് അല്‍ ജീറാനിയെ ഖത്വീഫിലെ താറൂത്തിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അവാമിയിലെ ഒരു കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലാണ് ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയത്.
കിഴക്കന്‍ പ്രവിശ്യയിലെ മജീദിയ്യയില് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്ന സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പോലീസ് പിടിയിലായ മുഹമ്മദ് ഹുസ്സൈന്‍ അല്‍ അമാര്‍.