ടോക്കിയോ: ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തിയായി കരുതപ്പെട്ട ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക (Tomiko Itooka) അന്തരിച്ചു. 116-ാം വയസിലാണ് അന്ത്യം. ജപ്പാനിലെ ആഷിയയിലുള്ള നഴ്സിംഗ് ഹോമിൽ കഴിഞ്ഞിരുന്ന ഇട്ടൂക, ഒന്നാംലോക മഹായുദ്ധത്തിന് മുൻപ് ജനിച്ചയാളായിരുന്നു. 2 ആണിനും പെണ്ണിനും ഇവർ ജന്മം നൽകി. എന്നാൽ എത്ര പേരമക്കളുണ്ടെന്ന് ചോദിച്ചാൽ ഇട്ടൂകയ്‌ക്ക് തന്നെ അറിയില്ലായിരുന്നു. അത്രമാത്രം പേരക്കുട്ടികളും അവരുടെ മക്കളും ഇട്ടൂകയ്‌ക്കുണ്ട്.
നിരവധി പുതുതലമുറകളെ വളർത്തിയും പരിപാലിച്ചും കണ്ടറിഞ്ഞുമായിരുന്നു അവരുടെ വിയോഗം. ആഷിയ മേയർ റ്യോസുകെ ടകഷിമയാണ് ഇട്ടൂകയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലോകത്തിന്റെ മുതുമുത്തശ്ശി വിടപറഞ്ഞത്. തൊട്ടുപിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരും ഇട്ടൂകയ്‌ക്ക് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവച്ചു.
2024 സെപ്റ്റംബറിലായിരുന്നു ഇട്ടൂകയ്‌ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തി എന്നതായിരുന്നു റെക്കോർഡ്. സ്പെയിനിലെ മാരിയ ബ്രാന്യാസ് മൊറേറ എന്ന സ്ത്രീ 117-ാം വയസിൽ അന്തരിച്ചതോടെയായിരുന്നു ഇട്ടൂകയെ തേടി റെക്കോർഡെത്തിയത്. 2024 മെയ് മാസത്തിൽ 116-ാം വയസായ ഇട്ടൂകയുടെ ജന്മദിനം സിറ്റിയിലെ മേയർ അടക്കമുള്ളവരെത്തിയായിരുന്നു ആഘോഷിച്ചത്.
ജപ്പാനിലെ ഒസാകയിലുള്ള ടോമികോ യാനോ എന്ന സ്ഥലത്ത് 1908 മെയ് 23നായിരുന്നു ഇട്ടൂകയുടെ ജനനം. തുണിക്കട നടത്തിയിരുന്ന മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഒരാളായിരുന്നു ഇട്ടൂക. വസ്ത്രവ്യാപാരിയെ തന്നെയായിരുന്നു ഇട്ടൂക വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നാല് മക്കളും ജനിച്ചു. 51 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 1979ൽ ഇട്ടൂകയുടെ പങ്കാളി മരിച്ചു. ഇതിന് പിന്നാലെ ആഷിയയിലേക്ക് താമസം മാറി. പിന്നെ മരിക്കുവോളം അവിടെ തന്നെയായിരുന്നു ജീവിതം.
ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ എന്താണ് ചെയ്യുന്നതെന്ന് ഇട്ടൂകയോട് മാദ്ധ്യമങ്ങൾ നിരന്തരം ചോദിക്കുമായിരുന്നു. നേന്ത്രപ്പഴം കഴിക്കുന്നതും കാൽപിസ് കുടിക്കുന്നതുമാണ് തന്റെ രഹസ്യമെന്നായിരുന്നു അവരുടെ വാക്കുകൾ. ജപ്പാനിൽ സുലഭമായി ലഭിക്കുന്ന ഡയറി ഡ്രങ്കാണ് കാൽപിസ്.