ക്വാലാലംപൂര്‍: ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ 500 സീരീസിലെ മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ ഇന്ത്യയുടെ പുരുഷ വിഭാഗം ഡബിള്‍സ് ജോടിക്ക് അടിതെറ്റി. ഇന്ത്യയുടെ ടോപ് റാംങ്ക് താരങ്ങള്‍ മലേഷ്യയുടെ തന്നെ ഓങ് യൂ സിന്‍-തീയോ ഈ ആയിയോട് 15-21, 21-18, 15-21 എന്ന നിലയിലാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും അധികം വിജയങ്ങള്‍ കൊയ്ത ഇന്ത്യന്‍ നിരക്ക് പുതുവത്സരത്തിലെ ആദ്യ മത്സരം നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ 11-8 ന് മുന്നില്‍ നിന്ന ശേഷമാണ് 15-21 ആദ്യ ഗെയിം കൈവിട്ടത്. രണ്ടാം ഗെയിം കൂടുതല്‍ കടുപ്പമായിരുന്നു. 21-18ന് ശക്തമായ പോരാട്ടത്തിനൊടുവില്‍ നേടിയ ഇന്ത്യന്‍ നിര പക്ഷെ മൂന്നാം ഗെയിമില്‍ 15-21ന് അടിപതറി.
മറ്റ് യോഗ്യതാ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും ശുഭാന്‍കര്‍ ദേയും മത്സരംകൈവിട്ടപ്പോള്‍ വനിതകളില്‍ പൂജാ ദാന്തുവും സഞ്ജനാ സന്തോഷും ഇന്തോനേഷ്യന്‍ താരങ്ങളോട് തോല്‍വി ഏറ്റുവാങ്ങി.















