ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026 പുരുഷ ടീം ബാഡ്മിന്റണില്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ഫൈനലില്‍ ആതിഥേയരായ ജപ്പാനെ 3-0ന് തകര്‍ത്താണ് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ 40 വര്‍ഷത്തിന് ശേഷം പുരുഷ ടീം ഇനത്തില്‍ ഇന്ത്യ തുടര്‍ച്ചയായ മെഡല്‍ നേട്ടം ഉറപ്പാക്കി.
ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ജപ്പാന്റെ കൊഡായ് നരൗക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയ്‌ക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ ഗെയിം 11-21ന് നഷ്ടമായെങ്കിലും രണ്ടാം ഗെയിമില്‍ ലക്ഷ്യ ശക്തമായി തിരിച്ചെത്തി. 21-5ന് ഗെയിം സ്വന്തമാക്കിയ താരം നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 8-14ന് പിന്നിലായ ശേഷം 19-19 എന്ന നിലയിലേക്ക് തിരിച്ചെത്തി. ഒടുവില്‍ 21-19ന് ഗെയിം സ്വന്തമാക്കി ലക്ഷ്യ മത്സരം ഇന്ത്യയുടെ പേരിലാക്കി.
തുടര്‍ന്ന് സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയുടെ ലീഡ് 2-0 ആക്കി. തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജോഡിയുടെ ജയം. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ സാത്വിക്-ചിരാഗ് സഖ്യത്തിന് രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമാണ് നേരിടേണ്ടിവന്നത്. 19-19നും 20-20നും സമനിലയായ മത്സരത്തില്‍ ഒടുവില്‍ 24-22ന് ഇന്ത്യന്‍ സഖ്യം വിജയം സ്വന്തമാക്കി.
മൂന്നാം മത്സരത്തില്‍ അയുഷ് ഷെട്ടി ഇന്ത്യയുടെ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. ജപ്പാന്റെ കോകി വതനാബെയെ 21-10, 21-19 എന്ന സ്‌കോറിനാണ് അയുഷ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 7-2ന് മുന്നിലെത്തിയ താരം പിന്നീട് 16-5 എന്ന ലീഡ് സ്വന്തമാക്കി. രണ്ടാം ഗെയിമിലും മേല്‍ക്കൈ നിലനിര്‍ത്തിയാണ് 21-19ന് മത്സരം പൂര്‍ത്തിയാക്കിയത്.















