ഗ്വാങ്‌ഡോങ് (ചൈന): ചൈനയില്‍ ചൈനീസ് ആധിപത്യം തകര്‍ത്ത് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സഖ്യം. ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സാത്വിക് സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചൈനയുടെ ഹെ ജി ടിങ്‌റെന്‍ – ഷിയാങ് യു സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ കിരീടനേട്ടം.ആദ്യ ഗെയിം കൈവിട്ടെങ്കിലും തകര്‍പ്പന്‍ തിരിച്ചുവരവാണ് സാത്വിക്കും ചിരാഗും നടത്തിയത്.
11-21ന് ആദ്യ ഗെയിം നഷ്ടമായതിന് പിന്നാലെ 21-13ന് രണ്ടാം ഗെയിം സ്വന്തമാക്കിയ ഇന്ത്യന്‍ സഖ്യം നിര്‍ണായക മൂന്നാം ഗെയിമില്‍ 21-17ന് വിജയിച്ച് കിരീടം ഉറപ്പിച്ചു. ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യയുടെ ജയം. ചൈന മാസ്റ്റേഴ്‌സില്‍ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ആദ്യ കിരീടമാണിത്. 2023ലും 2025ലും ഫൈനലിലെത്തിയിരുന്നെങ്കിലും ഇരുതവണയും കിരീടം നഷ്ടപ്പെട്ടിരുന്നു. 2023ല്‍ ചൈനീസ് സഖ്യത്തോടും 2025ല്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തോടുമായിരുന്നു ഫൈനലിലെ തോല്‍വി.
ലോക അഞ്ചാം റാങ്കിലുള്ള സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം കിരീടമാണിത്. നേരത്തെ സിംഗപ്പൂര്‍ ഓപ്പണിലും ഇന്ത്യന്‍ സഖ്യം ചാമ്പ്യന്മാരായിരുന്നു. തായ്‌ലന്‍ഡ് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിരുന്നില്ല.















