ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ആയുഷ് ഷെട്ടിക്ക് ആദ്യ റൗണ്ടില്‍ കടുത്ത എതിരാളി. ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഷി യുഖിയാണ് ആയുഷിന്റെ ആദ്യ റൗണ്ട് എതിരാളി. ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്തുള്ള ആയുഷ്, യുഖിയുമായി ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യനായ യുഖി ഇത്തവണ കിരീടസാധ്യതയുള്ള പ്രധാന താരങ്ങളിലൊരാളാണ്.
അതേസമയം, ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ആയുഷിന് പരിക്കിനെ തുടര്‍ന്ന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ മികച്ച ഫോം നിലനിര്‍ത്താനായിരുന്നില്ല. ആദ്യ മത്സരം തന്നെ കടുപ്പമേറിയതിനാല്‍ വലിയ സമ്മര്‍ദമുണ്ടെന്ന് ആയുഷ് പറഞ്ഞു. അതിനായി കഠിന പരിശീലനം നടത്തേണ്ടതുണ്ടെന്നും സ്വന്തം നാട്ടില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നതിന്റെ ആവേശമുണ്ടെന്നും താരം വ്യക്തമാക്കി.
ഓഗസ്റ്റ് 17 മുതല്‍ 23 വരെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ലോക ചാമ്പ്യന്‍ഷിപ്പ്. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ലക്ഷ്യ സെന്‍, പി.വി. സിന്ധു, സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാണ്.















