ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ തുടര്‍ച്ചയായി 16-ാം തവണയും നാവിക സേനാ വിഭാഗത്തിന്റെ വാദ്യസംഘത്തില്‍ അണിചേരാന്‍ ഭാഗ്യം സിദ്ധിച്ച് സൈനികന്‍ വ്യത്യസ്തനാകുന്നു. വിന്‍സന്റ് ജോണ്‍സണാണ് രാജ്പഥിലൂടെ നാവിക സേനയുടെ പ്രസിദ്ധമായ വാദ്യസംഘത്തിനെ വീണ്ടും സംഗീതതാളത്തില്‍ നയിക്കുന്നത്.
എണ്‍പതുപേരടങ്ങുന്ന വാദ്യസംഘം ഒന്നരലക്ഷം വരുന്ന കാണികള്‍ക്കും രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികളായ ലോക നേതാക്കള്‍ക്കും മുന്നിലൂടെയാണ് അടിവച്ചടിവച്ച് നീങ്ങുക. ദേശഭക്തിയും സൈന്യത്തിന്റെ വീരഗാഥകളും ഉപകരണസംഗീതത്തിലൂടെ ഒഴുകുമ്പോള്‍ ജോണ്‍സന്‍ ഏറ്റെടുക്കുന്ന ദൗത്യം ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാ ഇന്ത്യക്കാരിലേക്കും എത്തും.

നാവികസേനയുടെ വാദ്യസംഘത്തിലെ ഏറ്റവും പ്രഗല്‍ഭനായ സംഗീതജ്ഞനാണ് 48 കാരനായ ജോണ്‍സനെന്ന് മുന്‍ നാവികസേനാ മേധാവി അരുണ്‍ പ്രകാശ് അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നു. ഡ്രം മേജര്‍ എന്ന ചുമതലയിലാണ് ജോണ്‍സന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയില്‍ വാദ്യസംഘത്തിലുള്ളവര്‍ക്ക് പരേഡുകള്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. എന്നാല്‍ 16 വര്‍ഷം തുടര്‍ച്ചയായി അതും റിപ്പബ്ലിക് ദിനത്തിലെന്നത് അപൂര്‍വ്വതയാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടി. അതേ സംഘത്തില്‍ 5-6 വര്‍ഷമായിട്ടുള്ളവരുമുണ്ടെന്നും പ്രകാശ് പറഞ്ഞു.
2013ലെ സിഡ്‌നിയിലെ അന്താരാഷ്‌ട്ര ഫ്‌ളീറ്റ് റീവ്യൂ, 2015ലെ മൗറീഷ്യസ് ദേശീയ ദിനാഘോഷം, 2017ലെ റോയല്‍ എഡിന്‍ബറോ മിലിറ്ററി ടാറ്റൂ, 2018ലെ റഷ്യന്‍ ഫെഡറേഷന്റെ സെന്‍.പീറ്റേഴ്‌സ്ബര്‍ഗിലെ നാവിക സേനാ പരേഡ് എന്നിവയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ജോണ്‍സണായിരുന്നു. പക്ഷെ എന്നും സ്വന്തം നാടിന്റെ റിപ്പബ്ലിക്ക് ദിനത്തില്‍ പങ്കെടുക്കുന്നത്ര സന്തോഷം മറ്റൊന്നിലുമില്ലെന്നും ജോണ്‍സന്‍ വ്യക്തമാക്കി.
1990ലാണ് ജോണ്‍സന്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്നത്. അന്ന് 16.5 കിലോമീറ്ററാണ് വാദ്യസംഘം രാജ്പഥിലൂടെ നീങ്ങിയത്. ഇന്നത് 12 കിലോമീറ്ററായി ചുരുങ്ങി.1989ല്‍ നാവികസേനയില്‍ ചേര്‍ന്ന ജോണ്‍സന്‍ പറഞ്ഞു.















