ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഞായര്‍ രാവില്‍ ഗോള്‍ മഴയുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ വാട്ട്‌ഫോഡ് എതിരില്ലാത്ത മുന്ന് ഗോളിന് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു.
ആസ്റ്റണ്‍ വില്ലക്കെതിരെ അതിശക്തമായ ആക്രമണമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത്. സെര്‍ജീ അഗ്യൂറോ ആക്രമിച്ച് മുന്നേറിയ മത്സരത്തില്‍ ആദ്യപകുതിയില്‍ത്തന്നെ സിറ്റി 4-0ന് മുന്നിലെത്തി. കളിയുട 18-ാം മിനിറ്റിലും 24-ാം മിനിറ്റിലും റിയാദ് മഹറാസ് നേടിയ ഇരട്ട ഗോളുകള്‍ മത്സരം സിറ്റിക്ക് അനുകൂലമാക്കി.
വില്ലയുടെ കയ്യിലേക്ക് പന്തുപോലും നല്‍കാതെയാണ് സിറ്റി കളം അടക്കിവാണത്. തുടര്‍ന്നാണ് അഗ്യൂറോ ദൗത്യം ഏറ്റെടുത്തത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഹാട്രിക് നേടുന്ന താരമായി അഗ്യൂറോ മാറി. 28, 57,81 മിനിറ്റുകളിലാണ് സെര്‍ജീ അഗ്യൂറോ ഗോള്‍ നേടിയത്. ഇതിനിടെ 46-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ഗോള്‍ നേടി. കളിയുടെ അവസാന നിമിഷത്തില്‍ അന്‍വര്‍ എല്‍ ഖാസിയാണ് വില്ലക്ക് വേണ്ടി ആശ്വാസഗോള്‍ നേടി.
രണ്ടാം മത്സരത്തില്‍ വാട്ട്‌ഫോഡ് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബേണ്‍മൗത്തിനെ തറപറ്റിച്ചത്. അബ്ദുലായേ ഡോക്യൂറേ, ട്രോയ് ഡീനേ, റോബര്‍ട്ടോ പെരേര എന്നിവരാണ് ഗോളടിച്ചത്. ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ മുന്‍നിരക്കാരായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, എവര്‍ട്ടണ്‍, സതാംപ്ടണ്‍, ഷെഫ് യുണൈറ്റഡ് എന്നീ ടീമുകള്‍ ജയിച്ചപ്പോള്‍ ആഴ്‌സണല്‍-ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍-വൂള്‍വ്‌സ് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.















