ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു. ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു.
മുകേഷ് സിംഗ് നല്കിയ ദയാഹര്‍ജി കൂടി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കും. ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. കേസിലെ നാല് പ്രതികള്‍ക്കും ജനുവരി ഏഴിന് ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു.