ന്യൂഡല്‍ഹി: മണിപ്പൂരിലെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ പരിശോധന. ആസാം റൈഫിള്‍സ് നടത്തിയ പരിശോധനയില്‍ 8.58 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകള്‍ പിടികൂടി. മണിപ്പൂരിലെ മൊറെ മേഖലയിലാണ് പരിശോധന നടന്നത്.
ആസാം റൈഫിള്‍സ് നടത്തിയ പരിശോധനയില്‍ 4.29 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. സുരക്ഷ പരിശോധനക്കിടെ ഒരു ടിവിഎസ് സ്കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. മ്യാന്മറില് നിന്ന് മണിപ്പൂരിലേക്കുള്ള പാതയില്‍ ടിവിഎസ് സ്കൂട്ടറുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടതായി ആസാം റൈഫിള്‍സ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇതോടെയാണ് മേഖലയില്‍ പരിശോധന ആരംഭിച്ചത്.
എന്നാല്‍ ആസാം റൈഫിള്‍സ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സ്കൂട്ടറിനൊപ്പം മൂന്ന് ബാഗുകളും സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.