തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ചെലവ് ചുരുക്കാതെ മന്ത്രിമാര്‍. 480 പേഴ്സണല്‍ സ്റ്റാഫിനെയാണ് 20 മന്ത്രിമാരെ സേവിക്കാന്‍ നിയമിച്ചിരിക്കുന്നതെന്ന് വിവരാകാശ രേഖ വ്യക്തമാക്കുന്നു. ഇത്രയും പേര്‍ക്ക് ശമ്പളം നല്കാന് പ്രതിമാസം രണ്ട് കോടിയോളം രൂപയാണ് ചെലവ് വരുന്നത്.
ഏറ്റവും കൂടുതല്‍ പഴ്സണല്‍ സ്റ്റാഫുള്ളത് ജലവിഭമന്ത്രി കെ കൃഷ്ണന് കുട്ടിക്കാണ്. 26 ജീവനക്കാരാണ് മന്ത്രിക്ക് ചുറ്റും. ഏറ്റവും കുറവ് ജീവനക്കാര്‍ എംഎം മണിക്കാണ്. 20 ജീവനക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരുപത്തിനാല് പേരുള്ളപ്പോള് ചിലവ് ചുരുക്കലിനെക്കുറിച്ച് സ്ഥിരമായി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനൊപ്പം ഇരുപത്തിമൂന്ന് ജീവനക്കാര്‍ ഉണ്ട്.
പ്രൈവറ്റ് സെക്രട്ടറി,അഡീഷണല്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി,പഴ്സണല്‍ അസിസ്റ്റന്റ്, പാചകക്കാര്‍ തുടങ്ങി ഒരു കൂട്ടം ജീവനക്കാരാണ് ഓരോ മന്ത്രിക്കും ചുറ്റുമുള്ളത്. ഇതില്‍ പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത്. 77400 മുതല്‍ 115200 രൂപ വരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്.
ഏറ്റവും കുറവ് ശമ്പളമുള്ള പാചകക്കാരനു പോലും 16500 മുതല്‍ 35700 വരെയാണ് ശമ്പള സ്കെയില്‍. ചുരുക്കത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയില്‍ മന്ത്രി സേവകര്‍ക്ക് ശമ്പളം നല്കാന് തന്നെ നല്ലൊരു തുക സര്‍ക്കാര്‍ കണ്ടെത്തേണ്ട അവസ്ഥയാണ്.