ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവ ഡോക്ടര്‍. ഡല്‍ഹിയിലെ ഷഹീന് ബാഗില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പങ്കെടുക്കാനെത്തിയ വയോധികനുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി തന്നെ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടതായും ജയ്പൂര്‍ സ്വദേശി ദീപ ശര്‍മ്മ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം ദീപയുടെ അടുത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഫോണും ബാഗും തട്ടിയെടുക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ദീപ പറഞ്ഞു. വയോധകന് സിഎഎ എന്താണെന്നോ അതിന്റെ
മുഴുവന്‍ വാക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ദീപ പറഞ്ഞു.
വയോധികനുമായി സംസാരിക്കുന്നതിനിടെ ഏകദേശം മുപ്പതോളം പേരാണ് തനിക്ക് ചുറ്റും കൂടിനിന്നത്. ആള്‍ക്കൂട്ടം തന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ സഹായത്തിനായി കൂടിനിന്നവരോട് അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ല. തുടര്‍ന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ തന്നെ പിന്തുടരുകയും മൊബൈലില്‍ പകര്‍ത്തിയ വീഡിയോ നീക്കം ചെയ്യുകയും ചെയ്തതായി യുവതി ആരോപിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചാല്‍ തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും യുവതി പറഞ്ഞു.