മലപ്പുറം : യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ദക്ഷിണ മേഖല സൈനിക വിഭാഗം സംഘടിപ്പിക്കുന്ന ‘നോ യുവര്‍ ആര്‍മി’ ദ്വിദിന മേളയ്ക്ക് തുടക്കമായി. ശനിയും ഞായറുമായി രണ്ട് ദിവസത്തെ മേളയാണ് സൈനിക വിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മലപ്പുറം പോലീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി.
മേളയുടെ ആദ്യദിനമായ ശനിയാഴ്ച ധീരതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായവരെ അനുമോദിച്ചു. പരിപാടിയില്‍ നിരവധി സാഹസിക പരിപാടികളും പൈപ്പ് ബാന്റ് മേളയും കാഴ്ചക്കാര്‍ക്കായി സൈന്യം അവതരിപ്പിക്കും. കൂടാതെ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇവയെക്കുറിച്ച് ആളുകള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യും.
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ നല്‍കും. കൂടാതെ സൈന്യത്തിന്റെ മൂല്യത്തെക്കുറിച്ചും, ജവാന്മാരുടെ ജീവിത രീതികളെക്കുറിച്ചും പരിപാടിയില്‍ സൈന്യം വ്യക്തമാക്കും.
രാജ്യത്തെ യുവാക്കളില്‍ ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന സംഘാടകര്‍ പറഞ്ഞു. ഇതിന് പുറമേ സൈന്യത്തിലെ അവസരങ്ങളെക്കുറിച്ച് യുവാക്കളെ അറിയിക്കുകയും ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് പരിപാടിയുടെ ഉദ്ദേശമെന്നും സംഘാടകര്‍ വ്യക്തമാക്കി.