രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ശിഖര്‍ ധവാനും റാങ്കിംഗ് നില മെച്ചപ്പെടുത്തി.
183 റണ്‍സുമായി പരമ്പരയിലെ താരമായ കോഹ്‌ലി 886 പോയിന്റുമായാണ് ഒന്നാം സ്ഥാനം ഭദ്രമാക്കിയിരിക്കുന്നത്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ 868 പോയിന്റുമായി രോഹിത് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 829 പോയിന്റുമായി പാകിസ്താന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്.
ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ധവാന്‍ 15ാം സ്ഥാനത്തും 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കെ.എല്‍ രാഹുല്‍ 50ാം സ്ഥാനത്തുമാണ്. ഓസീസ് പരമ്പരയില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ പട്ടികയില്‍ 27ാമതും ഓള്‍ റൗണ്ടര്‍മാരില്‍ 10ാം സ്ഥാനത്തും എത്തി.















