മുംബൈ: പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ അള്‍ട്രോസ് ഇന്ന് വിപണിയിലെത്തും. ബിഎസ്6 എന്‍ജിനുമായാണ് അള്‍ട്രോസ് എത്തുന്നത്. വിപണിയില്‍ മാരുതി ബലേനോ, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ്, വോക്സ്വാഗന് പോളോ എന്നീ വാഹനങ്ങളാകും അള്‍ട്രോസിന്റെ എതിരാളികള്‍.
പ്രീമിയം ഹാച്ച് ബാക്ക് വാഹനമായ അള്‍ട്രോസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബറിലാണ് വാഹനം കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്ജിന് വകഭേദങ്ങളിലാകും അള്‍ട്രോസ് പുറത്തിറങ്ങുന്നത്.
സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപി യുടെ 5സ്റ്റാര്‍ റേറ്റിംഗ് അള്‍ട്രോസ് കരസ്ഥമാക്കിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത ഹാച്ച് ബാക്ക് കാര്‍ അഡല്‍റ്റ് സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്നത്. ആദ്യമായി ഇന്ത്യയില്‍ സുരക്ഷ പരിശോധനയില്‍ 5സ്റ്റാര്‍ നേടിയത് ടാറ്റയുടെ നെക്സോണ്‍ ആണ്. വീണ്ടും ടാറ്റ കുടുംബത്തില്‍ നിന്ന് ഒരു വാഹനം കൂടി 5സ്റ്റാര്‍ നേടി എന്നതും ശ്രദ്ധേയമാണ്.
ഇംപാക്റ്റ് ഡിസൈന്‍ 2.0 ആശയത്തില്‍ ടാറ്റാ മോട്ടോഴ്സ് ഒരുക്കുന്ന രണ്ടാമത്തെ മോഡലാണ് അള്‍ട്രോസ്. സ്മാര്‍ട്ട് ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായെത്തുന്ന അള്‍ട്രോസ് വിപണിയില്‍ പുതുചലനം സൃഷ്ടിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. വിപണിയില്‍ 5 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്.