ബെയിജിങ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഫെബ്രുവരി 12,13 തിയ്യതികളില്‍ ചൈനയിലെ ഹാങ്ചൗവിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമനിച്ചിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം എന്ന് കരുതപ്പെടുന്ന വുഹാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കിയതായി ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് അറിയിച്ചത്.
മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് മത്സരങ്ങള്‍. ലോകാരോഗ്യ സംഘടനയുമായും മറ്റ് ഫെഡറേഷനുകളുമായും ചര്‍ച്ചയിലാണെന്നും സ്ഥിതിഗതികള്‍ ശ്രദ്ദാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും ലോക അത്ലറ്റിക്ക് അസോസിയേഷന് വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു.രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി .ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനീസ് അധികൃതരുടെയും ലോകാരോഗ്യം സംഘടനയുടെയും കണക്ക് കൂട്ടല്‍ തെറ്റിച്ച് അതിവേഗമാണ് കൊറോണ വൈറസ് പടരുന്നത്.















