തൃശൂർ: കൊടുങ്ങല്ലൂരിൽ 18കാരന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്ലമാണ് ജീവനൊടുക്കിയത്. പ്രണയവുമായി ബന്ധപ്പെട്ട കള്ളക്കേസിൽ പൊലീസ് മക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഇതിൽ മനംനൊന്ത് അസ്ലം തൂങ്ങിമരിച്ചെന്നുമാണ് നൗഷാദിന്റെ ആരോപണം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ ബൈജു, എസ്.ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പിതാവ് രംഗത്തെത്തിയത്. പ്രതികളെ പിടിച്ചെന്ന അവകാശപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് മുകളിൽ അസ്ലമിന്റെ ഫോട്ടോയ്ക്കൊപ്പം കൊടുത്തിരിക്കുന്നത്.
കള്ളക്കേസിൽ കുടുക്കി
കഴിഞ്ഞ സെപ്റ്റംബർ 27-ന് വൈകുന്നേരം കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽനിന്ന് സി.ഐ വിളിക്കുന്നുവെന്ന് അറിയിച്ചാണ് ഫോൺ വന്നതെന്ന് നൗഷാദ് പറയുന്നു. മകൻ സ്റ്റേഷനിലുണ്ടെന്നും ഉടൻ എത്തണമെന്നും അറിയിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ നൗഷാദ് ഓട്ടത്തിലായിരുന്നതിനാൽ ഉടൻ എത്താൻ കഴിഞ്ഞില്ല. തുടർന്ന് 22കാരനായ മൂത്ത മകനെ സ്റ്റേഷനിലേക്ക് അയച്ചു.
ഓട്ടം കഴിഞ്ഞ് രാത്രി സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു പെൺകുട്ടിയുടെ കൈയിൽനിന്ന് 20 പവൻ സ്വർണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഈപണം കൊണ്ട് ഇന്നോവ കാർ വാങ്ങിയെന്നാരോപിച്ച് മകനെതിരെ കേസെടുത്ത വിവരം അറിഞ്ഞത്,- നൗഷാദ് പറയുന്നു.
മക്കളെ മർദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
പൊലീസ് സ്റ്റേഷനിൽവെച്ച് മൂത്ത മകനെയും ഇളയ മകനെയും ക്രൂരമായി മർദിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി നൗഷാദ് ആരോപിക്കുന്നു. മർദനം സഹിക്കാനാകാതെ താനാണ് എല്ലാം ചെയ്തതെന്ന് മൂത്ത മകൻ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
തുടർന്ന് മൂത്ത മകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പൊലീസ് പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഇളയ മകന് ജാമ്യം ലഭിക്കുന്നത് വൈകിപ്പിക്കാനും ശ്രമിച്ചെന്നും നൗഷാദ് ആരോപിച്ചു.
സെപ്റ്റംബർ 27-ന് കസ്റ്റഡിയിലെടുത്ത മക്കളെ മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയിലും ജുവനൈൽ ജസ്റ്റിസ് ബോർഡിലും ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങിയ ശേഷവും സഹോദരൻ ജയിലിലായതിന്റെ വേദനയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവും അസ്ലമിനെ അലട്ടിയിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്നും നൗഷാദ് പറയുന്നു.
‘കാർ ആരുടെ പേരിലാണെന്ന് പരിശോധിക്കാമായിരുന്നില്ലേ?’
കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തെയും മാധ്യമങ്ങളിൽ വന്ന വാർത്തകളെയും ചോദ്യം ചെയ്ത നൗഷാദ്, ഇന്നോവ കാർ ആരുടെ പേരിലാണെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ലേയെന്ന് ചോദിച്ചു. ഒരു കാറിനരികിൽനിന്ന് ഫോട്ടോ എടുത്തതുകൊണ്ട് അത് ആ വ്യക്തിയുടെ കാറാകണമെന്നില്ലെന്നും വാർത്ത നൽകുന്നതിനുമുമ്പ് പ്രതിയുടെ പേരിൽ കാർ ഉണ്ടോയെന്ന് പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
20 പവൻ സ്വർണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്ന പരാതിയിൽ പറയുന്ന പെൺകുട്ടിയുമായി മകൻ ഫോണിലൂടെ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ വിളിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും നൗഷാദ് ചോദിച്ചു. മകന്റെ ഫോൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും അതിലെ വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്ന രക്ഷിതാക്കളോട് മാന്യമായി പെരുമാറേണ്ട ബാധ്യത പൊലീസിനില്ലേയെന്നും നൗഷാദ് ചോദിച്ചു.
സി.ഐ ബൈജുവിനും എസ്.ഐ അതുൽ മോഹനനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണോ എന്ന ഗുരുതര ചോദ്യമാണ് കൊടുങ്ങല്ലൂരിലെ സംഭവം ഉയർത്തുന്നത്. നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നുവെന്ന ആരോപണം ഉയർന്നാൽ അതിനെ നിസ്സാരമായി കാണാനാകില്ല. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും ശാരീരികമോ മാനസികമോ ആയ പീഡനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. ഒരു കുടുംബത്തിന് മകനെ നഷ്ടമായ സാഹചര്യത്തിൽ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും ഉത്തരവാദികളുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം. പൊലീസിന് നിയമം നടപ്പാക്കാനുള്ള അധികാരമുണ്ട്; എന്നാൽ ആ അധികാരം നിയമത്തിന് അതീതമല്ല.















