മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിയും സോഫിയ കെനിനും സെമി ഫൈനലിലേക്ക് കടന്നു. ഏഴാം സീഡ് പെട്ര വിറ്റോവയെ 7-6, 6-2നാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച പോരാട്ടം നടത്തിയ വിറ്റോവ 7-6(8-6) നാണ് കീഴടങ്ങിയത്. രണ്ടാം സെറ്റില്‍ വിറ്റോവക്ക് ഒരു അവസരവും നല്‍കാതെ ബാര്‍ട്ടി 6-2ന് സെറ്റും കളിയും അനായാസം സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ റണ്ണറപ്പാണ് വിറ്റോവ. മുന്‍ ലോക രണ്ടാം നമ്പറായിരുന്ന വിറ്റോവ രണ്ടു തവണ വിംബിള്‍ഡണ്‍ ചാമ്പ്യനുമാണ്.
രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയുടെ സോഫിയ കെനിന് അറേബ്യന്‍ പ്രതീക്ഷയായിരുന്ന ഓണ്‍സ് ജാബ്വറിനെയാണ് പരാജയപ്പെടുത്തിയത്.സ്കോര്‍: 6-4,6-4. ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കടക്കുന്ന കെനിന് നിലവില്‍ 14-ാം സീഡാണ്. സെമിയില്‍ ബാര്‍ട്ടിയാണ് കെനിന്റെ എതിരാളി. രണ്ടാം സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന രണ്ടു ക്വാര്ട്ടറുകള് നാളെ നടക്കും. മൂന്നാം ക്വാര്‍ട്ടറില്‍ കോന്റാവിറ്റ് സിമോണ്‍ ഹാലെപ്പിനേയും അനാസ്താസിയ പൗലോചെങ്കോ ഗാര്ബിന് മുഗുരുസയെയും നേരിടും.