Vehicle

അള്‍ട്രോസ് ഇവി ലോഞ്ച് ചെയ്ത് ടാറ്റ മോട്ടോഴ്‌സ്; ഇ-എക്‌സ്‌യുവി300 അവതരിപ്പിച്ച് മഹീന്ദ്ര; ജനപ്രീതി നേടി ഓട്ടോ എക്‌സ്‌പോ 2020

ന്യൂഡല്‍ഹി: സമീപ കാലത്ത് സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശക്കാരായി കൈയ്യടി നേടിയ ടാറ്റ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയിലും ശ്രദ്ധേയമായി. അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ അള്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി ലോഞ്ച് ചെയ്തു. അതേസമയം, സുരക്ഷയിലും പ്രകടനത്തിലും ടാറ്റക്കു വെല്ലുവിളി ഉയര്‍ത്തിയ എക്‌സ്‌യുവി300ന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്രയും പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്.

ജനുവരി 22ന് പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് രൂപകല്‍പ്പനയില്‍ ചെറിയ വ്യത്യാസങ്ങളുമായാണ് അള്‍ട്രോസ് ഇവി എത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തും അലോയ് വീലുകളിലും ഈ മാറ്റം പ്രകടമാണ്. ഡാഷ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്യുവല്‍ എയര്‍ ബാഗുകള്‍, എബിഎസ് + ഇബിഡി, റിയര്‍വ്യൂ ക്യാമറ, ഹൈ സ്പീഡ് അലേര്‍ട്ട്, ഡ്രൈവറേയും ഒപ്പമിരിക്കുന്ന യാത്രികനേയും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ് എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്.

ടാറ്റയുടെ തന്നെ നെക്‌സോണ്‍ ഇവിയിലൂടെ വാഹന രംഗത്തേക്ക് കടന്നു വന്ന സിപ്‌ട്രോണ്‍ പവര്‍ ട്രെയിന്‍ തന്നെയാണ് അള്‍ട്രോസ് ഇവിക്കും കരുത്ത് നല്‍കുക. പൊടിപടലങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപി67 ബാറ്ററി ഒറ്റത്തവണ ചാര്‍ജില്‍ 300 കിലോ മീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 14 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

അതേസമയം, അടുത്തിടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ കരസ്ഥമാക്കി മഹീന്ദ്രയുടെ എക്‌സ്‌യുവി300 കരുത്ത് തെളിയിച്ചിരുന്നു. ഇന്ത്യയില്‍ ടാറ്റയുടെ വാഹനങ്ങള്‍ക്ക് പുറമെ 5 സ്റ്റാര്‍ സ്വന്തമാക്കുന്ന ആദ്യ വാഹനമായിരുന്നു എക്‌സ്‌യുവി300. ഇപ്പോള്‍ എക്‌സ്‌യുവി300ന്റെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിരിക്കുകയാണ്.

സ്റ്റാന്‍ഡേര്‍ഡ്, എക്സ്റ്റന്റഡ് വേരിയെന്റുകളിലാണ് വാഹനം പുറത്തിറങ്ങുക. ബമ്പറിലും അലോയ് വിലുകളിലും പ്രകടമായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ അള്‍ട്രോസിനു സമാനമായി ഒറ്റ ചാര്‍ജിംഗില്‍ 300 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 10-15 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

115 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close