ഗ്രേറ്റർ നോയ്ഡ: മാരുതിയുടെ ജനപ്രിയ എസ് യുവിയായ വിതാര ബ്രെസയുടെ ഫേസ് ലിഫ്റ്റ് മോഡൽ കമ്പനി അവതരിപ്പിച്ചു. ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എഞ്ചിനിൽ വന്ന മാറ്റമാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് മാരുതി നൽകിയിരിക്കുന്നത്.
ഡീസൽ വാഹനങ്ങളെ നിരത്തിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മാരുതി പുതിയ പെട്രോൾ ബ്രെസ പുറത്തിറക്കിയിരിക്കുന്നത്. ഡീസൽ എഞ്ചിനിൽ മാത്രം വിപണിയിൽ എത്തിയ ബ്രെസ ഇനി മുതൽ പ്രെട്രോൾ എഞ്ചിൻ മാത്രമാകും ലഭിക്കുക. സുസുക്കിയുടെ K15 B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിറ്റാര ബ്രെസയുടെ 1.3 ലിറ്റർ ഡീസലിന് പകരമായി സ്ഥാനം പിടിക്കുന്നത്.
സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ വില വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.