ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്ന ജിപ്സിയുടെ രണ്ടാം തലമുറയായ ജിമ്നിയെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡൽഹി ഓട്ടോ എക്സ്പോയിലാണ് ജിമിനിയെ മാരുതി അവതരിപ്പിച്ചത്. മുൻപ് ജിമ്നിയെ പ്രാദേശിക വിപണിയിൽ അവതരിപ്പിക്കുന്നില്ല എന്ന് പറഞ്ഞ മാരുതി പിന്നീട് ഇന്ത്യൻ വിപണിയിലിറക്കാൻ തീരുമാനിക്കുകയായിരുന്നു.
2018 ജൂലൈയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച എസ് യുവി ഒന്നര വർഷത്തിന് ശേഷമാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. പുതിയ ജിംനി ഒരു ലാഡർ ഫ്രെയിം ചേസിസ് അടിസ്ഥാനമാക്കിയുള്ളതാണ്.
യഥാർത്ഥ എസ്യുവിയിൽ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിംനിക്ക് ഒരു പാർട്ട് ടൈം ഫോർവീൽ ഡ്രൈവ് സജ്ജീകരണവും 3 ലിങ്ക് ആക്സിൽ സസ്പെൻഷനും ലഭിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
രണ്ട് എസ്ആർഎസ് എയർബാഗുകൾ, എബിഎസ് വിത്ത് സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം. സുസുക്കി സേഫ്റ്റി സപ്പോർട്ട് എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഹനത്തിന് പിൻവശങ്ങളിൽ ഡോറില്ലാത്തത് പോരായ്മയായി കാണപ്പെടുന്നു.
വാഹനത്തിന്റെ വില ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഏഴ് ലക്ഷം മുതൽ എട്ട് ലക്ഷം രൂപവരെയാകും ജിമ്നിയുടെ അടിസ്ഥാന വിലയെന്നാണ് കരുതപ്പെടുന്നത്.