മിലാന്: സീരി ഏയില്‍ യുവന്റസിന് തോല്‍വി. 2-1ന് ഹെല്ലാസ് വെറോണയോടാണ് യുവന്റസ് തോറ്റത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനും ടീമിനെ ജയിപ്പിക്കാനായില്ല.സീരി ഏയുടെ ചരിത്രത്തില്‍ 10 കളികളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ദിനം കൂടിയായിരുന്നു ഇന്നലെ.
ലീഗില്‍ ആകെ 20 ഗോളെന്ന രീതിയില്‍ മുന്നേറുന്ന 35 കാരനായ റൊണാള്‍ഡോ 10 കളികളിലായി ഇതുവരെ 15 ഗോളുകള്‍ നേടിക്കഴിഞ്ഞു. അഞ്ചു തവണ ബാലോണ്‍ ഡി ഓര് നേടിയ ക്രിസ്റ്റിയാനോ അടുത്ത കളിയില്‍ കാത്തിരിക്കുന്നതും മറ്റൊരു നേട്ടമാണ്. ഗോള്‍ നേടിയാല്‍ സീരി ഏയുടെ ചരിത്രത്തില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടേയും ഫാബിയോ ക്വാഗ്ലിയേറെല്ലയുടേയും 11 തുടര്‍ച്ചയായ മത്സരത്തില്‍ ഗോള്‍ നേട്ടമെന്ന റെക്കോഡിനൊപ്പം ക്രിസ്റ്റിയാനോയുമെത്തും.
സീരി ഏയില്‍ ഒരാഴ്ചക്കിടെ രണ്ടാം തോല്‍വിയും സീസണിലെ ആകെ കളിച്ചതില്‍ മൂന്നാം തോല്‍വിയുമാണ് ഇന്നലെ യുവന്റസ് ഏറ്റുവാങ്ങിയത്. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമുകളും ഗോളടിക്കാനാകാതെ പരസ്പരം പ്രതിരോധിക്കുകയായിരുന്നു. ഏതാണ്ട് തുല്യമായി പന്തുകൈവശം വക്കുന്നതില്‍ ഇരുടീമുകളും മികവുകാട്ടി. 16 തവണവീതം ഇരുടീമുകളും ഷോട്ടെടുക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ വക ഗോള്‍ വീണു. എന്നാല്‍ യുവന്റസിന്റെ മേധാവിത്വം തകര്‍ത്തുകൊണ്ട് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകളടിച്ചു ഹെല്ലാസ് വെറോണ ഞെട്ടിച്ചു.
76-ാം മിനിറ്റില്‍ ഫാബിയോ ബോറിനി യാണ് സമനില നേടിയത്. തുടര്‍ന്ന് 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി പസീനി വിജയഗോളും നേടി.