Columns

ഗുരുദക്ഷിണ

ജി കെ സുരേഷ് ബാബു - ജനം ടിവി ചീഫ് എഡിറ്റർ

പരമേശ്വർജിയുടെ  പുറത്തിറങ്ങാനിരിക്കുന്ന സമ്പൂർണ കൃതികൾക്കു വേണ്ടി തയ്യാറാക്കിയ ആമുഖം

മാന്യ പരമേശ്വര്‍ജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത നൂറുകണക്കിന് ലേഖനങ്ങള്‍ കണ്ടെത്തി സമാഹരിച്ച് ഒരു പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ഈ പ്രക്രിയ തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലേറെയായി. പരമേശ്വര്‍ജിയുടെ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനസമാഹാരങ്ങളിലും പുസ്തകങ്ങളിലും വരാത്തവ മാത്രമാണ് ഒരു ഡസനോളം വിഷയങ്ങളിലായി ക്രോഡീകരിച്ചിട്ടുള്ളത്. പരമേശ്വര്‍ജിയുടെ ലേഖനങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള പാണ്ഡിത്യമോ വ്യുല്പത്തിയോ എനിക്കില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോണ്, അതിന്റെ ആഴവും പരപ്പും കാണുമ്പോഴാണ് കാലത്തിനൊപ്പം അല്ലെങ്കില്‍, കാലത്തിനപ്പുറത്തേക്ക് നടന്നുനീങ്ങിയ ഒരു മഹാമനീഷിയുടെ, പ്രതിഭാശാലിയുടെ കാലടിപ്പാടുകള്‍ ബോദ്ധ്യപ്പെടുക.

ഭാരതത്തിന്റെ സാംസ്‌ക്കാരിക തനിമയുടെയും മൂല്യങ്ങളുടെയും സന്യാസപാരമ്പര്യത്തിന്റെ ഒക്കെ ഒരിക്കലും ഒളിമങ്ങാത്ത രത്‌നഖനിയാണ് ഓരോ ലേഖനങ്ങളും. ശ്രീരാമകൃഷ്ണപരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ഒക്കെ ചിന്താസരണി, അവരുടെ വാഗ്‌ധോരണി, അവരുടെ സാഹിത്യം ഒക്കെ അതിന്റെ അന്തസ്സത്തയും ഗഹനതയും ചോരാതെ പരമേശ്വര്‍ജി സ്വായത്തമാക്കിയിരിക്കുന്നു. ആ സന്യാസിപരമ്പരയിലെ ഒരു കണ്ണിയായി സ്വന്തം ജീവിതം ചെലവിട്ട അദ്ദേഹത്തിന്റെ വാക്കുകള്‍ അതിന്റെ നിദര്‍ശനങ്ങളാകുന്നതില്‍ ഒരിക്കലും അത്ഭുതമില്ല. ഓരോ ലേഖനത്തിലും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ക്ക് ഒരു പ്രവാചകന്റെ, കാലത്തിനതീതമായി സഞ്ചരിക്കുന്ന ഋഷീശ്വരന്റെ വാക്കുകളുടെ സാംഗത്യമുണ്ട്. ഏഷ്യാഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ ഭാവിയെക്കുറിച്ചും കമ്യൂണിസത്തിന്റെ ഭാവിയെക്കുറിച്ചും ഒക്കെ 1980 കളില്‍ പറഞ്ഞത് ഇന്ന് 2019 ല്‍ വായിക്കുമ്പോഴാണ് ഈ ദാര്‍ശനിക പരിവേഷം നമുക്ക് ബോദ്ധ്യപ്പെടുക.

രാഷ്ട്രീയരംഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച പൂര്‍ണ്ണമായും ഭാരതീയമാണ്. അഭാരതീയ സങ്കല്പങ്ങളായ കമ്യൂണിസത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും മുതലാളിത്തത്തെ കുറിച്ചും ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള വാദമുഖങ്ങളാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നത്. സോണിയാഗാന്ധി പ്രധാനമന്ത്രിയാകണം എന്ന ചര്‍ച്ച വന്നപ്പോള്‍ അന്ന് അതിനെതിരെ അദ്ദേഹം ഉയര്‍ത്തിയ വാദമുഖം ആനി ബസന്റിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു. ആനിബസന്റിനെയും സോണിയയെയും താരതമ്യം ചെയ്യാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തെ ബസന്റിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം തകര്‍ത്തുവിടുന്നു, ‘ഭാരതം എങ്ങനെ അവളുടെ ഭാഗധേയം നിര്‍ണ്ണയിക്കണം എന്നതിനെപ്പറ്റി സ്പഷ്ടമായ ബോധം അവര്‍ക്കുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും. ഭാരതത്തെ നയിക്കാന്‍ സോണിയാഗാന്ധിക്കുളള അനര്‍ഹത വ്യക്തമാക്കുന്നതായതുകൊണ്ട് അത് ഞാനിവിടെ ഉദ്ധരിക്കട്ടെ, ‘നമ്മുടെ ലക്ഷ്യത്തിലേയ്ക്ക് നമ്മെ നയിക്കാന്‍ ഏറ്റവും ഉപയുക്തമെന്ന് നാം വിശ്വസിക്കുന്ന പാത തിരഞ്ഞെടുക്കേണ്ടത് നമ്മുടെ മാത്രം കടമയാണെന്ന് നാം അവകാശപ്പെടുന്നു. ആ പാത ദേശീയതയുടെ പാതയാണ്. വിദേശീയ പാതയല്ല. ഹിന്ദു നാഗരികതയുടെ പാതയാണ്, പാശ്ചാത്യനാഗരികതയുടേതല്ല. പാശ്ചാത്യരില്‍നിന്ന് നമുക്ക് പ്രയോജനമുളളതെന്തും നാം സ്വീകരിക്കും. നമ്മെ സമ്പന്നമാക്കുന്നതും നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നതുമായവ നാം സ്വീകരിക്കും. എന്നാല്‍ നമ്മുടെ ആത്മീയതയെ നശിപ്പിക്കുന്നതും ദേശീയതയെ തളര്‍ത്തുന്നതുമായ യാതൊന്നും നമുക്ക് സ്വീകാര്യമല്ല. ഭാരതസൂര്യന്റെ ചൂടിലും പ്രകാശത്തിലും കരിഞ്ഞുപോകുന്നതും ഈ നാട്ടിലെ കൊടുങ്കാറ്റില്‍ വേരറ്റുപോകുന്നതുമായ വിദേശച്ചെടി നമുക്കാവശ്യമില്ല. ഹിന്ദുവേരുകളും ഹൈന്ദവമായ വളര്‍ച്ചയുളളതും ഹിന്ദുസൂര്യന്റെ ഉജ്ജ്വലപ്രകാശത്തില്‍ കൂടുതല്‍ പ്രശോഭിക്കുന്നതും ഇവിടത്തെ കൊടുങ്കാറ്റിനെയും കൊടും ചൂടിനെയും നേരിടാന്‍ കരുത്തുളളതുമായ നാട്ടു ചെടിയാണ് നമുക്കാവശ്യം.’ സോണിയയുടെ കൂറ് സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമര്‍ശം രാജീവിന്റെ കാലത്തു തന്നെ സംശയാസ്പദമായിരുന്നുവെന്ന് രേഖകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം സമര്‍ത്ഥിച്ചിട്ടുള്ളത്.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ചില ഇടതുപക്ഷ സാഹിത്യകാരന്മാരും കലാകാരന്മാരും മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ പുരസ്‌ക്കാര തുക കൈപ്പറ്റിയശേഷം പുരസ്‌കാരം മാത്രം മടക്കി നല്‍കിയ സംഭവമുണ്ടായി. അതിനെക്കുറിച്ച് പി വി കെ നെടുങ്ങാടി സ്മാരക പ്രഭാഷണത്തില്‍ പരമേശ്വര്‍ജി ഇന്ത്യയിലെ മെക്‌സിക്കന്‍ അംബസിഡറും വിശ്വവിഖ്യാത എഴുത്തുകാരനുമായ ഒക്‌ടോവിയാപാസിന്റെ അനുഭവം ഉദ്ധരിക്കുയുണ്ടായി. തനിക്ക് ലഭിച്ച പുരസ്‌കാരം സ്വീകരിക്കണമോ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തും വിഖ്യാത കഥാകൃത്തുമായ രാജാറാവു ഡല്‍ഹിക്ക് സമീപം താമസിച്ചിരുന്ന ആനന്ദമയീ മാതാവിന്റെ ആശ്രമത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. ആ അനുഭവം പിന്നീട് അദ്ദേഹം എഴുതിയത് ഇങ്ങനെ ഉദ്ധരിക്കുന്നു, ‘ആശ്രമം അനാഡംബരമായിരുന്നു. ഒരു മഠത്തേക്കാളേറെ ക്ലാസ്സ്മുറിയോടായിരുന്നു അതിനു സാദൃശ്യം. ആ മുറിയിലേക്ക് ഞങ്ങള്‍ കടന്നുചെന്നു. നിലത്തിരിക്കുകയായിരുന്ന ആ സ്ത്രീയുടെ ചുറ്റും ഒരു ഡസനോളം ആളുകള്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അവര്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. അവര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ അടുത്തിരുന്ന കുട്ടയില്‍നിന്ന് അവര്‍ മധുരനാരങ്ങയെടുത്ത് കളിക്കുകയായിരുന്നു. എന്റെ നേരെ നോക്കി ഒരു പുഞ്ചിരിയോടെ ഒന്ന് എന്റെ നേര്‍ക്കെറിഞ്ഞു. ഞാനത് കൈകൊണ്ട് പിടിച്ചെടുത്തു. അതൊരു കളിയാണെന്നും ആ കളി ഒരു തരം പ്രതീകമാണെന്നും എനിക്കനുഭവപ്പെട്ടു. ജീവിതംതന്നെ ഒരു കളിമാത്രമാണെന്ന് അവര്‍ എന്നോട് പറയുന്നതുപോലെ എനിക്കു തോന്നി. ഒടുവില്‍ ഞാനെന്റെ ചോദ്യം ചോദിച്ചു: ”അവാര്‍ഡ് സ്വീകരിക്കണമോ വേണ്ടയോ?” ”എന്താണഭിപ്രായം?” അമ്മ ഉറക്കെ ചിരിച്ചു: ”എന്തൊരഹംഭാവം! വിനയാന്വിതനായി അവാര്‍ഡ് സ്വീകരിക്കൂ. പക്ഷേ, അത് വാങ്ങുമ്പോള്‍ എല്ലാ സമ്മാനങ്ങളെയും പോലെ അതും നിസ്സാരമാണെന്ന ബോധത്തോടെ സ്വീകരിക്കണം. അവാര്‍ഡ് തിരസ്‌ക്കരിക്കുന്നത് അതിന് അമിതമായ പ്രാധാന്യം നല്‍കലാണ്. ഇല്ലാത്ത മൂല്യം അതിനു കല്‍പ്പിച്ചു കൊടുക്കലാണ്. അതൊരുതരം അഹന്തയാണ്. കപടമായ വിശുദ്ധിയാണ്, ദുരഭിമാനത്തിന്റെ മൂടുപടമാണ്. ഞനെറിഞ്ഞുതന്ന മധുരനാരങ്ങ ഏറ്റുവാങ്ങിയതുപോലെ ഒരു പുഞ്ചിരിയോടെ അവാര്‍ഡും സ്വീകരിക്കുന്നതാണ് ശരിയായ നിസ്സംഗത.’

രവീന്ദ്രനാഥടാഗോറിന് നൊബേല്‍ സമ്മാനം നല്‍കിയതുപോലും മിഷണറി പ്രവര്‍ത്തനത്തെ സഹായിക്കാനായിരുന്നു എന്നും നൊബേല്‍ സമ്മാനം നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ സമിതി അദ്ധ്യക്ഷന്‍ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളും തുടര്‍ന്നുള്ള ജീവിതത്തില്‍ ടാഗോര്‍ എങ്ങനെ മിഷണറിമാരോട് നിലപാട് എടുത്തെന്നും അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്.

ഭാരതം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്ന് 1998 ല്‍ തന്നെ പരമേശ്വര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. പൊഖ്‌റാനില്‍ നടന്ന രണ്ടാമത്തെ ആണവ വിസ്‌ഫോടന സമയത്ത് അതിനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് അദ്ദേഹം വരച്ചു കാട്ടിയിട്ടുണ്ട്. ആണവ പരീക്ഷണത്തിന് എതിരെ അമേരിക്ക ഉയര്‍ത്തിയ ഉപരോധത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും പാഴ്‌വേല അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്.

ഭാരതത്തിന്റെ വളര്‍ച്ചയെ കുറിച്ചും വികാസത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്ന അദ്ദേഹം അന്നുപറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ബോദ്ധ്യപ്പെടുന്നത് ഇപ്പോഴത്തെ ചൈനയുടെ നിലപാടുകള്‍ കാണുമ്പോഴാണ്. ഭാരതത്തിന്റെ വികാസത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും വളരെ വ്യക്തമായ കാഴ്ചപ്പാടാണ് അദ്ദേഹം നമുക്ക് മുന്നില്‍ വെക്കുന്നത്. അടിമഭാരതത്തില്‍ ഉണ്ടായിരുന്നത്ര സ്വതന്ത്രരായ ബുദ്ധജീവികള്‍ സ്വതന്ത്രഭാരതത്തില്‍ നമുക്കില്ലെന്ന സ്വാമി രംഗനാഥാനന്ദയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ 50-ാം വര്‍ഷം ഭാവിഭാരതത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. ഭാരതം മുഴുവന്‍ ഭീമാകാരങ്ങളായ പട്ടണങ്ങളെക്കൊണ്ട് നിറയ്ക്കാനുള്ള ശ്രമങ്ങളെ അതി നിശിതമായി എതിര്‍ക്കുന്ന അദ്ദേഹം ഭാവിയില്‍ നാഗരിക ഭാരതമെന്നും ഗ്രാമീണ ഭാരതമെന്നും രണ്ട് വ്യത്യസ്ത മേഖലകള്‍ ഉരുത്തിരിഞ്ഞുവരുമെന്ന് ചൂണ്ടിക്കാട്ടുന്നു.

‘സ്വാതന്ത്ര്യത്തിനുമുമ്പ് നമുക്കുണ്ടായിരുന്ന എല്ലാ സ്വപ്നങ്ങളുടെയും നിഷേധമാണിത്. ‘സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണെ’ന്നും നമുക്ക് വേണ്ടത് ധര്‍മ്മരാജ്യമാണെന്നും പ്രഖ്യാപിച്ച ലോകമാന്യ തിലകന്റെ സങ്കല്‍പ്പം ഇതല്ലായിരുന്നു. ലോകത്തിനു നല്‍കാന്‍ ഭാരതത്തിന് ഒരു സന്ദേശമുണ്ടന്നും അത് ആദ്ധ്യാത്മികതയാണെന്നും വിവേകാനന്ദന്‍ നമ്മോട് പറഞ്ഞു. ആ ദൗത്യം നിര്‍വഹിക്കാനാണ് ഭാരതം സ്വതന്ത്രമാവുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. മറ്റു രാജ്യങ്ങളെപ്പോലെ സൈനികവും സാമ്പത്തികവും രാജനൈതികവുമായ കരുത്താര്‍ജ്ജിച്ച് അവയുടെ പിന്നാലെ മുടന്തിപ്പോകാനാണ് ഭാവമെങ്കില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് മഹര്‍ഷി അരവിന്ദന്‍ താക്കീതു നല്‍കി. പക്ഷേ, അവരെല്ലാം പുരോഗമനവാദികളായ നമ്മുടെ ബുദ്ധിജീവികളുടെ ദൃഷ്ടിയില്‍ കേവലം പുനരുജ്ജീവന വാദികളാണ്. ഗ്രാമീണ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ മാത്രമേ ഭാരതത്തിന് മേല്‍ഗതിയുളളൂ എന്നും തന്റെ സങ്കല്‍പ്പം രാമരാജ്യം സ്ഥാപിക്കലാണെന്നും തറപ്പിച്ചുപറഞ്ഞ ഗാന്ധിജിയെ ജീവിച്ചിരിക്കെ തന്നെ പിന്മുറക്കാരനായ നെഹ്‌റു പരസ്യമായി തളളിപ്പറഞ്ഞു. ഭാരതീയമായ നാല് ആധാരസ്തംഭങ്ങളിലും ഊന്നി വേണം രാജ്യത്തിന്റെ നവനിര്‍മ്മാണം സാധിക്കേണ്ടതെന്ന് പ്രഖ്യാപിച്ച റാം മനോഹര്‍ ലോഹ്യ പുത്തന്‍ തലമുറയ്ക്ക് അന്യനും അജ്ഞാതനുമാണ്. സനാതനധര്‍മ്മത്തിന്റെ കാലാനുകൂലമായ വ്യാഖ്യാനമായി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ വിശേഷിപ്പിച്ച ‘ഏകാത്മ മാനവദര്‍ശനം’ പരിശോധിക്കുകപോലും ചെയ്യാതെ പരിത്യജിക്കേണ്ട മതമൗലികവാദമാണെന്ന കാര്യത്തില്‍ പുരോഗമനബുദ്ധിജീവി വര്‍ഗ്ഗത്തിന് സംശയലേശമില്ല.’, പരമേശ്വര്‍ജി മുന്നോട്ടു വെയ്ക്കുന്ന ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതാണ്. ഇത് സ്വാമി രംഗനാഥാനന്ദ മാത്രമല്ല, സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ലോകമാന്യ തിലകനും ഗാന്ധിജിയും ദീനദയാല്‍ ഉപാദ്ധ്യായയും മുന്നോട്ടുവെച്ചത് തന്നെയാണ്. ഇവിടെയാണ് പി പരമേശ്വരന്‍ എന്ന വ്യക്തിയിലെ ഋഷിപാരമ്പര്യത്തെ നമ്മള്‍ തിരിച്ചറിയുന്നത്.

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് എഴുതിയ ലേഖനത്തിലും ഏതാണ്ട് ഇതേ കാഴ്ചപ്പാട് നമുക്ക് കാണാം, ‘ഓരോ ജനതയ്ക്കും അതിന്റെതായ സാംസ്‌കാരികത്തനിമയും ചരിത്രാനുഭവവും ജീവിത സമ്പ്രദായവും മൂല്യ സങ്കല്‍പ്പങ്ങളുമുണ്ട്. അവയുടെ പൂര്‍ത്തീകരണത്തിലാണ് അവരുടെ സംതൃപ്തിയും സാഫല്യവും. ഏത് സാമ്പത്തികക്രമവും ഇവയെയെല്ലാം കണക്കിലെടുക്കുന്നതാവണം. സ്വാഭാവികമായും വൈവിദ്ധ്യപൂര്‍ണ്ണമായ ലോകരാഷ്ട്രങ്ങള്‍ വൈവിദ്ധ്യപൂര്‍ണ്ണമായ സാമ്പത്തികക്രമങ്ങള്‍ കണ്ടെത്തും. കണ്ടെത്തുക തന്നെ വേണം. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറയുകയുണ്ടായി ‘ഒരേ ചോദ്യക്കടലാസല്ല എല്ലാ രാഷ്ട്രങ്ങള്‍ക്കും നിയതി നല്‍കിയിട്ടുള്ളത്. വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത ഉത്തരങ്ങള്‍ ആണ് കണ്ടെത്തേണ്ടത്’. മൗലികമായ ഈ തത്വം മനസ്സിലാക്കാനുള്ള വിശാലവീക്ഷണം ഇല്ലാതെ പോയതുകൊണ്ടും ലോകാധിപത്യ ദുര്‍മോഹം അതിരു കടന്നുതുകൊണ്ടും സോവിയറ്റ് യൂണിയനും അമേരിക്കയും എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം മതിയാകും എന്നും അതു തങ്ങള്‍ നല്‍കുന്ന ഉത്തരം തന്നെയായിരിക്കണമെന്നും ശഠിച്ചു. അന്ധവും അശാസ്ത്രീയവുമായ ആ വിശ്വാസത്തിന്റെ അടിത്തറയാണ് തകര്‍ന്നത്. ഒട്ടേറെ വിപത്തുകള്‍ക്കും ദുരിതാനുഭങ്ങള്‍ക്കും വഴിവെക്കുമെങ്കിലും ആത്യന്തികവിശകലനത്തില്‍ ഇത് നന്നായി എന്നേ പറയാനാകൂ.

മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആത്യന്തികമായ തകര്‍ച്ച മഹാത്മജിയും മഹായോഗി അരവിന്ദനും ഭാരതത്തിനകത്തും പുറത്തുമുള്ള മറ്റനേകം ചിന്തകന്മാരും മുന്‍കൂട്ടി കണ്ടിരുന്നു. ഇവയ്ക്ക് രണ്ടിനും ചരിത്രപരമായ ചില ദൗത്യങ്ങള്‍ ഉണ്ടെന്നും അത് നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവ രണ്ടും അരങ്ങൊഴിയുമെന്നും, അവ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന കാലത്തുതന്നെ മഹായോഗി അരവിന്ദന്‍ വ്യക്തമാക്കിയിരുന്നു.’ പരമേശ്വര്‍ജി മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക മാതൃക ഇതില്‍ നിന്ന് വ്യക്തമാണ്. ചരിത്രം അല്പം വഴിമാറി സഞ്ചരിച്ചിരുന്നെങ്കില്‍ എന്ന ലേഖനത്തില്‍ ഇത് കുറെക്കൂടി സ്പഷ്ടവും വ്യക്തവുമായി അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ‘സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാശില്പികള്‍ പുതിയ ഭരണവ്യവസ്ഥ സംവിധാനം ചെയ്തപ്പോള്‍ അത് എന്തുകൊണ്ട് ഇംഗ്ലണ്ടില്‍ നിലനിന്ന പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ തനി പകര്‍പ്പായി മാറി? മഹാത്മജി വിഭാവനം ചെയ്ത ‘ഗ്രാമസ്വരാജ്’ ‘രാമരാജ്യം’ തുടങ്ങിയ സങ്കല്പങ്ങള്‍ സ്വീകരിച്ചു നടപ്പിലാക്കാന്‍ നമുക്ക് എന്തുകൊണ്ട് കഴിയാതെ പോയി? സ്വാതന്ത്ര്യപ്രാപ്തി ഒരുവര്‍ഷം കൂടി നീണ്ടുപോയിരുന്നെങ്കില്‍ ഭാരതവിഭജനം തന്നെ ഒഴിവായി പോകുമായിരുന്നു എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.’

കേരളം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പരമേശ്വര്‍ജിയുടെ കാഴ്ചപ്പാട് സുവ്യക്തമാണ്. ‘കേരളത്തിലെ എല്ലാ മതന്യൂനപക്ഷങ്ങളും യുക്തിസഹവും സമുദായമൈത്രിക്കും ദേശീയ ഐക്യത്തിനും അനുകൂലമായ ഈ നിലപാടില്‍ തന്നെയാണോ ഉറച്ചു നില്‍ക്കുന്നത് എന്ന പ്രശ്‌നം നമ്മെ അലട്ടുന്നു. കേരളം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു വിഷയം ധൃതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതാണ്. ആഗോളീകരണം അനിവാര്യമായ യാഥാര്‍ത്ഥ്യമാണ്. ആഗോളീകരണത്തെ പാശ്ചാത്യവല്‍ക്കരണമായി തെറ്റിദ്ധരിച്ചതും അതേപടി അംഗീകരിച്ചതുമാണ് ഭാരതത്തില്‍-കേരളത്തില്‍ പ്രത്യേകിച്ചും-സംഭവിച്ച പല പ്രശ്‌നങ്ങള്‍ക്കും കാരണം. ആഗോളീകരണത്തിന്റെ അനിവാര്യഘടകമാണ് വന്‍തോതിലുള്ള നഗരവത്കരണമെന്ന് നാം ധരിച്ചു. പാശ്ചാത്യനാഗരികത നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. കേരളം അടക്കം ഭാരതം കാര്‍ഷിക വ്യവസ്ഥയിലധിഷ്ഠിതമാണ്. ദീര്‍ഘദൃഷ്ടിയും യാഥാര്‍ത്ഥ്യബോധവും ഇല്ലാതെ നടപ്പിലാക്കുന്ന നഗരവല്‍ക്കരണം കാര്‍ഷികവ്യവസ്ഥയുടെ അടിത്തറമാന്തുന്നു.’ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ എത്ര വ്യക്തമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്റെ ഭരണഘടനാ സംവിധാനത്തെ കുറിച്ചും പരമേശ്വര്‍ജിക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കാനുണ്ട്. 1993 ല്‍ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച പരമേശ്വര്‍ജിയുടെ ലേഖനത്തിന് ഇ എം എസ് നമ്പൂതിരിപ്പാട് എഴുതിയ മറുപടിയും അന്ന് കേരളം കണ്ട ഏറ്റവും സുപ്രധാനമായ ബൗദ്ധിക ചര്‍ച്ചയായിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുന്നതില്‍ തെറ്റില്ലെന്നും കാലത്തിന്റെ സാഹചര്യത്തിന്റെയും പരിപ്രേഷ്യം അനുസരിച്ച് ഭരണഘടനയില്‍ പോലും മാറ്റം വരണമെന്ന് സത്യസന്ധമായി തന്നെ അദ്ദേഹം ആവശ്യപ്പെടുന്നു. രാഷ്ട്രം എന്ന സങ്കല്പം പാശ്ചാത്യ രാജനൈതിക ചിന്തകര്‍ വളരെ അടുത്തു മാത്രമാണ് കേട്ടതെങ്കിലും വൈദിക കാലം മുതല്‍ തന്നെ രാഷ്ട്രമെന്ന സങ്കല്പം ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിന് 300 വര്‍ഷവും റഷ്യയുടേതിന് 200 വര്‍ഷം മാത്രം പഴക്കമുള്ളപ്പോള്‍ സഹസ്രാബ്ദങ്ങളായി ഒരു ദേശം, ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്‌കാരം എന്നത് ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്ന് അഥര്‍വ്വ വേദത്തിലെ ‘തതോ രാഷ്ട്രം ബലമോജശ്ച ജാതം’ എന്ന മന്ത്രം ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ‘പക്ഷേ, ഭാരതീയമായ രാഷ്ട്രസങ്കല്പത്തിന് അതിന്റേതായ തനിമയും സവിശേഷതയും ഉണ്ടായിരുന്നു. കേവലം ഒരേ രാഷ്ട്രീയ ഭരണകൂടത്തിന്റെ കീഴില്‍ ജീവിക്കുന്ന ഒരു ജനത എന്നതായിരുന്നില്ല രാഷ്ട്രത്തെക്കുറിച്ചുളള നമ്മുടെ സങ്കല്പം. മറിച്ച് നമ്മുടെ ദേശീയ ഐക്യത്തിന്റെയും രാഷ്ട്ര സങ്കല്പത്തിന്റെയും അടിസ്ഥാനം സാംസ്‌കാരിക ഏകതയായിരുന്നു. ഭൂമിശാസ്ത്രപരമായി ഒരു ഭൂവിഭാഗത്തില്‍ ജീവിക്കുന്നതോടൊപ്പം സാംസ്‌കാരികമായി നാമെല്ലാം ഒന്നാണെന്ന വൈകാരികമായ ഐക്യഭാവം വെച്ചുപുലര്‍ത്തുന്ന ഒരു ജനത ഒരു ഭരണകൂടത്തിന്‍ കീഴിലോ, പല ഭരണകൂടങ്ങള്‍ക്ക് കീഴിലോ ജീവിച്ചാലും ശരി അത്തരം ജനത ഒരു രാഷ്ട്രമാണ് എന്നതായിരുന്നു നമ്മുടെ അഭിമതം. ……പക്ഷേ, നമ്മുടെ സംസ്‌കാരത്തിന് മതവുമായി അഭേദ്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിന്റെ ദേശീയ ഐക്യം ഏതെങ്കിലും ഒരു മതത്തിന്റെ സംഭാവനയായിരുന്നില്ല. ഇതുപറയുമ്പോള്‍ ഹിന്ദുമതം എന്ന പ്രയോഗം തന്നെ തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും. അത് ഒരിക്കലും ഒരു മതമല്ല. വൈഷ്ണവമതം, ശാക്തേയമതം, ശൈവമതം, ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം തുടങ്ങിയ ഒട്ടനേകം ആചാരസമ്പ്രദായങ്ങളുടെ സമുച്ചയമാണ് ഹിന്ദുധര്‍മ്മം എന്നു പറയുന്നതാവും ശരി. ഇത്തരം വ്യത്യസ്ത ആരാധനാസമ്പ്രദായങ്ങളെയെല്ലാം ഉള്‍ക്കൊളളുകയും കൂട്ടിയിണക്കുകയും ചെയ്യുന്ന സാംസ്‌കാരിക ഏകീഭാവത്തിന്റെ അടിത്തറയാണ് ഹിന്ദുത്വം.’ ഹിന്ദുമതം, ഹിന്ദുധര്‍മ്മം, ഹിന്ദുസംസ്‌കാരം, ഹിന്ദുരാഷ്ട്രം, ഹിന്ദുത്വം തുടങ്ങി എല്ലാറ്റിനെയും കുറിച്ച് നമ്മുടെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ശാദ്വലമായ അടിത്തറയില്‍ നിന്ന് അദ്ദേഹം നല്‍കുന്ന വിശദീകരണം ഏത് ഇസത്തിന്റെയും മുനയൊടിക്കാന്‍ പോന്നതാണ്.

ദേശീയതയുടെ മാനബിന്ദുക്കളെ കുറിച്ചും ഏകാത്മക മാനവവാദത്തെ കുറിച്ചും രാഷ്ട്രത്തിന്റെ ആത്മാവായ ചിതിയെ കുറിച്ചും ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനത്തെ കുറിച്ചും മാറുന്ന മൂല്യസങ്കല്പങ്ങളെ കുറിച്ചും മതം മതേതരത്വം മതമൗലികവാദം എന്നിവയെ കുറിച്ചും പല തലങ്ങളില്‍ പലഘട്ടങ്ങളില്‍ അദ്ദേഹം ഉയര്‍ത്തിയ സംവാദത്തിന്റ ചുരുക്കവും ഈ പുസ്തകത്തില്‍ കാണാം. ഭാരതത്തിന്റെ മതേതരത്വം സര്‍വ്വധര്‍മ്മ സമഭാവമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘മതവിരോധത്തില്‍ അധിഷ്ഠിതമായിരുന്ന മാര്‍ക്‌സിയന്‍ മതേതരത്വം മതസഹിഷ്ണുതയിലേയ്ക്കും അംഗീകാരത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കെ, മൗലികവാദത്തില്‍ വേരൂന്നിയ മതാധിഷ്ഠിത സമൂഹമെന്ന കാഴ്ചപ്പാടാണ് ഇസ്ലാമികരാഷ്ടരങ്ങള്‍ സ്വീകരിച്ചു കൊണ്ടിരുന്നത്. ”ഇന്ത്യന്‍ മുസ്ലീം” എന്ന പ്രചലിത സങ്കല്പത്തിന് വിരുദ്ധമായ ”മുസ്ലീം ഇന്ത്യന്‍” എന്ന സങ്കല്പം പ്രചരിപ്പിക്കുവാനാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ അനുഗ്രഹം സിദ്ധിച്ച സയ്യദ് ഷഹാബുദ്ദിനെപ്പോലെയുളളവര്‍ പോലും മുന്നോട്ടുവന്നിട്ടുളളത് എന്നത് അര്‍ത്ഥവത്താണ്. ”ഒന്നാമതായി മുസ്ലീം പിന്നീട് മാത്രം ഇന്ത്യാക്കാരന്‍” എന്ന കാഴ്ചപ്പാടാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ഭാരതത്തിലെ മതേതര സങ്കല്പത്തിനു മീതേ ഇതെങ്ങനെ കരിനിഴല്‍ വീശുന്നു എന്നു കാണാന്‍ പ്രയാസമില്ല. …..മതത്തെക്കുറിച്ചുളള ഭാരതീയ വീക്ഷണം മറ്റു രാജ്യങ്ങളുടേതില്‍ നിന്നും വിഭിന്നമായിരുന്നു. മതത്തിനെ നിഷേധിക്കുകയോ എതിര്‍ത്തുതോല്‍പ്പിക്കേണ്ട ശത്രുവായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന കമ്യൂണിസത്തിന്റെയും യുക്തിവാദത്തിന്റെയും സമീപനമല്ലായിരുന്നു നമ്മുടേത്. മതത്തെ ഭരണവ്യവസ്ഥയുടെ അസ്ഥിവാരമായി അംഗീകരിക്കുകയും രാഷ്ട്രജീവിതത്തെ ആകമാനം മതനിയമങ്ങള്‍കൊണ്ട് വരിഞ്ഞു കെട്ടുകയും ചെയ്യുന്ന സെമറ്റിക് മതങ്ങളുടെ മതാധിഷ്ഠിതസ്വഭാവവും നാം സ്വീകരിച്ചിരുന്നില്ല. പ്രതിജനഭിന്നമായ അനുഭൂതിയായി മതത്തെ അംഗീകരിക്കുവാനും വൈവിദ്ധ്യമാര്‍ന്ന അനുഭൂതിവിശേഷങ്ങളെയെല്ലാം ഒരേപോലെ സത്യമായി കണക്കാക്കുവാനും പണ്ടുമുതല്‍ക്കേ നമുക്ക് സാധിച്ചിരുന്നു. ഒരേ സത്യത്തെ തന്നെയാണ് അറിവുളളവര്‍ പലപേരുപറഞ്ഞ് വിളിക്കുന്നതെന്ന പരമാര്‍ത്ഥം ഋഗ്വേദകാലത്തെ ഋഷിയുടെ സാക്ഷാത്കാരവും സംഭാവനയുമാണ്.’ മതം, മതേതരത്വം, മതവിദ്വേഷം, മതവൈരം, മതരാഷ്ട്രം തുടങ്ങി എല്ലാ കാഴ്ചപ്പാടുകളും ഭാരതീയമായ സൈദ്ധാന്തിക ഭൂമികയില്‍ ഇവിടെ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.

നൊബേല്‍ സമ്മാന ജേതാവായ ഡോ. അമര്‍ത്യാസെന്‍ ദ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അദ്ദേഹം വരച്ചുകാട്ടിയതും സഹസ്രാബ്ദങ്ങളായി സത്യാന്വേഷണം നടത്തുന്ന ഭാരതീയ പൈതൃകത്തിലെ സംവാദാത്മകതയെ കുറിച്ചാണ്. സംവാദത്തിലൂടെ സത്യം കണ്ടെത്തുക എന്ന പാരമ്പര്യം ഭാരതത്തിന്റേതാണ്. ശാശ്വതമായ സത്യമെന്തോ അതിനെ തേടി നേതി നേതി എന്നുപറഞ്ഞ ആര്‍ഷപാരമ്പര്യം ജീവിതത്തിലുടനീളം പകര്‍ത്തിയ പരമേശ്വര്‍ജി ഉയര്‍ത്തിവിട്ടിരുന്ന ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ചിട്ടുള്ള മാറ്റം വലുതായിരുന്നു. ഇ എം എസ്സും പി ഗോവിന്ദപിള്ളയും അടക്കമുള്ള എല്ലാ നേതാക്കളും ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും അദ്ദേഹവുമായി സംവദിച്ചു. പക്ഷേ, ഒരിക്കലും മാന്യതയുടെയും സംയമനത്തിന്റെയും കുലീനതയുടെയും പാത അദ്ദേഹം വിട്ടില്ല. ആരെയും ചോദ്യം ചെയ്യാന്‍ മടി കാണിച്ചില്ല. ഇസ്ലാം ഉണ്ടാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ജീവിച്ച ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ഇസ്ലാമില്‍ നിന്നാണ് ഉണ്ടായതെന്ന കെ ആര്‍ നാരായണന്റെ പ്രഭാഷണത്തെ ചരിത്രരേഖകള്‍ ഉയര്‍ത്തി തന്നെ അദ്ദേഹം ഖണ്ഡിച്ചു. ശ്രീനാരായണഗുരുദേവനെ സ്വന്തം ഗുരുവായി കാണുകയും ആരാധിക്കുകയും ചെയ്ത പരമേശ്വര്‍ജി ഗുരുദേവന്‍ ഹിന്ദുവല്ലെന്ന് വരുത്താന്‍ ഇടത് ബുദ്ധിജീവികള്‍ നടത്തിയ ശ്രമത്തെയും പൊളിച്ചടുക്കി. ശിവഗിരിയെ ഹൈന്ദവീകരിച്ചതുംമറ്റാരുമല്ല ,ഗുരുദേവന്‍ തന്നെയാണ്, ‘കുമാരനാശാന്‍ എഴുതിയിട്ടുണ്ട്, പരിണതപ്രജ്ഞനായ ഹിന്ദുയോഗീശ്വരനായിരുന്നു ശ്രീനാരായണഗുരു എന്ന്. ഒപ്പം സഹവസിച്ച് ശുശ്രൂഷിച്ച് ശിഷ്യസ്ഥാനമേറ്റെടുത്തിരുന്ന കുമാരനാശാനാണ് ഇത് പറയുന്നത്. ഇന്നു ചിലര്‍ പറയുകയാണ് ശ്രീനാരായണഗുരു ഹിന്ദുവല്ല എന്ന്. ശ്രീശങ്കരാചാര്യരുടെ അദ്വൈതം അറേബ്യയില്‍ നിന്ന് കോഴിക്കോട്ടെത്തിയ കൊപ്രക്കച്ചവടക്കാരായ അറബികള്‍ പഠിപ്പിച്ചുകൊടുത്തതാണെന്നു പറയുന്നു. ഹിന്ദുക്കള്‍ കേരളത്തില്‍ എത്തിയത് ക്രിസ്തുമതത്തിന് ശേഷമാണെന്നും മറ്റും പ്രചരിപ്പിക്കപ്പെടുന്നു. ചരിത്രമെടുത്ത് ഫുട്ബാള്‍ കളിക്കുകയാണ്.’

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ പങ്കിനെ കുറിച്ചും പരമേശ്വര്‍ജി ഒരു കാഴ്ചപ്പാട് മുന്നോട്ടു വെച്ചിട്ടുണ്ട്. അത് ഇന്ന് ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വവത്കരണ പ്രക്രിയയെ കുറിച്ചാണ്. ‘ഹിന്ദുക്കളെന്നുപറഞ്ഞാല്‍ അമ്പലത്തില്‍ പോകുന്നവരെന്നോ, മതം എന്നോ മാത്രമല്ല. ഈ സാംസ്‌കാരികപാരമ്പര്യം അംഗീകരിക്കുന്നവര്‍ക്ക് ഈ വിശാലമായ കാഴ്ചപ്പാടുകളളവരെല്ലാംവരും ഹിന്ദുക്കളാണ്. ഭാരതീയരാണ്. ഹിന്ദുക്കള്‍ എന്നുപറയുന്നത് തന്നെയാണ് ഭാരതീയര്‍ എന്നു പറയുന്നത്. പക്ഷെ കാഴ്ചപ്പാടിതാണ്. ഈ നാടിനോടു കൂറുണ്ടോ. ഇവിടത്തെ സംസ്‌ക്കാരം അംഗീകരിക്കുന്നുണ്ടോ, രാമായണം അംഗീകരിക്കുന്നുണ്ടോ, മഹാഭാരതം അംഗീകരിക്കുന്നുണ്ടോ? അയോദ്ധ്യയിലെ രാമജന്മഭൂമി തല്ലിത്തകര്‍ത്ത് ബാബറിമസ്ജിദ് ആക്കണം വീണ്ടും എന്നുപറയുന്നത് ഈ മണ്ണിനോട് കൂറില്ലാത്തതുകൊണ്ടാണ്. കാബൂളില്‍ നിന്നുവന്ന് ബാബറിനെക്കുറിച്ചുളള ഓര്‍മ്മയാണ്-ഈ മണ്ണുമുഴുവന്‍ നാടുമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പവിത്രമായ ശ്രീരാമചന്ദ്രനെക്കുറിച്ചുളള ഓര്‍മ്മയെക്കാള്‍ വലുതെങ്കില്‍ കൂറ് ഭാരതത്തോടല്ല, കാബൂളിനോടാണെന്ന് വ്യക്തം. അതിനോടാണ് എതിര്‍പ്പ് ശ്രീരാമചന്ദ്രന്റെ അമ്പലത്തില്‍ പോയി തൊഴണമെന്നും, പ്രാര്‍ത്ഥിക്കണമെന്നൊന്നും പറഞ്ഞില്ല ആരോടും. ഇസ്ലാം ഉണ്ടാവുന്നതിനുമുമ്പ് ഇവിടെ ശ്രീരാമചന്ദ്രന്റെ ചരിത്രം വ്യാപിച്ചിരുന്നു. ശ്രീരാമനെക്കുറിച്ചുളള ഓര്‍മ്മ ശ്രീരാമന്‍ ഇവിടുത്തെ ആദര്‍ശപുരുഷന്‍ ആ പാരമ്പര്യത്തില്‍ അവരും പെടുന്നു. മതംമാറിയതുകൊണ്ട് ആപാരമ്പര്യത്തെ തളളിപറയാണോ? അച്ഛനമ്മമാരെ തളളിപറയണോ. സമന്വയത്തിന്റെ മാര്‍ഗ്ഗമേയുളളൂ. പിന്നെയെന്തിനാണ് ഈ കാപാലികര്‍ തെരുവുകളില്‍ ഈ കാപാലിക നൃത്തമാടുന്നത്. എന്തുകൊണ്ട് സമാധാനത്തിന്റെ, സമന്വയത്തിന്റെ, സംവാദത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചുകൂടാ? ഇതേ വിജയിക്കാന്‍ പോകുന്നുളളൂ. ഭാരതത്തിന്റെ അന്തഃസത്ത ഇതാണ്. ഇതംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാരനും, ആര്‍എസ്സ്എസ്സുകാരനും എല്ലാവര്‍ക്കും മുന്നോട്ടുപോകാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിക്കൂടേ? മുസ്ലീമിനും, ക്രിസ്ത്യാനിക്കും, ബുദ്ധനും, ശൈവനും, ദ്വൈതിയും, അദ്വൈതിയും, വൈഷ്ണവനും എല്ലാവര്‍ക്കും ഒരുമിച്ചു ജീവിക്കാനൊക്കുന്ന ഒരു സാഹചര്യമുണ്ടാക്കണ്ടേ? ഇതാണ് സമന്വയാത്മകത.’

ആര്‍ എസ് എസ്, ഭാരതം, ദേശീയത, ഭാരതത്തിന്റെ തനത് സമ്പദ്‌വ്യവസ്ഥ, ഭാരതത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാട് എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഈ ഭാഗത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഒരു രാഷ്ട്രതന്ത്രജ്ഞന്റെ യഥാര്‍ത്ഥ രാഷ്ട്രനേതാവിന്റെ പരിണതപ്രജ്ഞമായ ചിന്താധാരകളാണ് ഓരോ ലേഖനത്തിലും. ഭാവി ഭാരതത്തിന്റെ അലകും പിടിയും എന്തായിരിക്കണമെന്ന കാഴ്ചപ്പാട് തന്നെയാണ് ഇതില്‍ നമ്മള്‍ കാണുന്നത്. ഒരുപക്ഷേ, ഭാരതത്തെ ഇന്ന് നയിക്കുന്ന രാജനൈതിക നേതൃത്വത്തിന്റെ കാഴ്ചപ്പാടും ദിശാബോധവും പരമേശ്വര്‍ജി വിഭാവന ചെയ്യുന്നതു തന്നെയാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. കാലത്തിന്റെ കൈയ്യൊപ്പ് എന്ന ഈ സംഗ്രഹത്തിലെ ആദ്യ ഗ്രന്ഥമാണ് ഭാരതത്തിന്റെ ആത്മാവ് എന്ന ഈ ഗ്രന്ഥം. ഈ ദൗത്യം എന്നെ നേരിട്ട് ഏല്‍പ്പിച്ചത് പരമേശ്വര്‍ജി തന്നെയാണ്. അത് അദ്ദേഹം എന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ്. ഇത് തീര്‍ച്ചയായും ഒരു ഗുരുദക്ഷിണയാണ്. 1980 മുതല്‍ ഞാനടക്കമുള്ള നൂറുകണക്കിന് ആളുകളെ ചിന്തിക്കാനും വായിക്കാനും ഭാരതീയതയിലേക്കും ധര്‍മ്മത്തിലേക്കും അടുപ്പിച്ച് നിര്‍ത്താനും വഴികാട്ടാനും ശ്രമിച്ച, ദിശാബോധത്തിന്റെ ഉജ്ജ്വല തേജസ്വിയ്ക്ക് പിന്‍തലമുറ സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ.

311 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close