GulfIndia

7 എമിറേറ്റുകളെ ഓർമ്മിപ്പിക്കുന്ന 7 ഗോപുരങ്ങൾ , 17350 ടൺ മാർബിളുകൾ , 3000 ശിൽപ്പികൾ , ഇരുമ്പും ,സ്റ്റീലും ഉപയോഗിക്കാത്ത നിർമ്മാണ രീതി ; അബുദാബിയിൽ ഉയരുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

അബുദാബി : പരസ്പര സഹകരണത്തിന്റെയും, സഹിഷ്ണുതയുടെയും തെളിവായി ഉയരുന്ന അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട് . യു എ ഇ സർക്കാരിന്റെ പങ്കാളിത്തതോടെ അബുദാബിയിൽ പണിതുയർത്തുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു പൂർണ്ണമായും ഇന്ത്യൻ വാസ്തു വിദ്യയാണ് പിന്തുടരുന്നത് .

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രവാസികളുടെ സ്വപ്ന സാക്ഷൽക്കാരത്തിന് പിന്നിൽ . നരേന്ദ്ര മോദിയുടെ ആദ്യ യു.എ.ഇ സന്ദർശനത്തിലാണ് യു.എ.ഇ ഭരണാധികാരികൾ ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുന്നത്.തന്റെ രണ്ടാമത്തെ യു.എ.ഇ സന്ദർശനത്തിൽ ക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

അബുദാബി ദുബായ് പാതയിൽ അബൂമുറൈറഖയിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. സ്വാമി മഹദ് മഹാരാജിൻറെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ കഴിഞ്ഞ വർഷം നടന്നത്.

പൂർണമായും ഇന്ത്യൻ ശൈലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ കോൺക്രീറ്റ് പണികൾ ഇന്നലെയാണ് ആരംഭിച്ചത്. 3000 ക്യുബിക് മീറ്റർ കോൺക്രീറ്റ് മിക്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 55 ശതമാനവും ഫ്ലൈ ആഷാണ്. മാത്രമല്ല നിർമ്മാണരീതിയിലെ ഏറ്റവും വലിയ പ്രത്യേകത ,​ കോൺക്രീറ്റ് നിർമ്മാണത്തിലും കെട്ടിടത്തിന്റെ ഒരു ഭാഗത്തും ഇരുമ്പിന്റെയോ സ്റ്റീലിന്റെയോ ഒരു അംശം പോലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നില്ല എന്നതാണ് .ഇന്ത്യയിലെ പ്രാചീനശിലാ കെട്ടിടങ്ങളുടെ വാസ്തുവിദ്യ പിന്തുടരുന്നതിന് വേണ്ടിയാണിത്.

വരുന്ന 50 വർഷത്തേക്ക് മർദ്ദം, താപനില, ഭൂകമ്പം സംബന്ധിച്ച ഓൺലൈൻ വിവരങ്ങൾ നൽകുന്നതിനായി ക്ഷേത്രത്തിൽ 300ൽ അധികം ഹൈടെക് സെൻസറുകൾ സ്ഥാപിക്കും. ക്ഷേത്രത്തിന്റെ 10 വ്യത്യസ്ത തലങ്ങളിലാണ് ഇത് ഉൾക്കൊള്ളിക്കുക.

ആദ്യമായാണ് ഇത്തരത്തിൽ സാങ്കേതിക വിദ്യയുമായി ഒരു ക്ഷേത്രം മിഡിൽ ഈസ്റ്റിൽ ഉയരുന്നത്. ക്ഷേത്രത്തിന്റെ ശിലാഫലകത്തിലുള്ള കൊത്തുപണികൾ ഇന്ത്യയിൽ നിന്ന് വിദഗ്ധരായ കരകൗശല കലാകാരന്മാർ നിർവഹിക്കും.

3000 ശിൽപികൾ കൊത്തിയെടുത്ത 12,350 ടൺ പിങ്ക് മാർബിളും 5000 ടൺ ഇറ്റാലിയൻ മാർബിളും ക്ഷേത്രത്തെ മനോഹരമാക്കും. യു.എ.ഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടി നിർമിക്കുന്ന ക്ഷേത്രം 2022ൽ പൂർത്തിയാകും

ശ്രീകൃഷ്ണൻ, ശിവൻ, അയ്യപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിൽ ഉണ്ടാകും . 55,000 സ്‌ക്വയർ ഫീറ്റ് ചുറ്റളവിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ഹിന്ദു മതവിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും പ്രവേശനം അനുവദിക്കും.ലൈബ്രറി, ഭക്ഷണശാലകൾ, സാംസ്കാരിക കായിക കേന്ദ്രങ്ങൾ, പൂന്തോട്ടം എന്നിവയ്ക്ക് പുറമെ പുണ്യ നദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുനരാവിഷ്കാരവും ക്ഷേത്രത്തോട് ചേർന്നുണ്ടാവും. 2020 ഓടെ നിർമ്മാണം പൂർത്തിയാവും.

8K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close