ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ അംഗീകാരം ടോക്കിയോ ഒളിമ്പിക്‌സിനുള്ള ശക്തമായ പ്രേരണയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്. ലോക ഹോക്കിയിലെ മികച്ച താരത്തിനുള്ള ബഹുമതിയാണ് മന്‍പ്രീതിനെ തേടി എത്തിയത്. 1999ല്‍ നല്‍കാനാരംഭിച്ച പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മന്‍പ്രീത്. ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറനും അര്‍ജ്ജന്റീനയുടെ ലൂക്കാസ് വിലയുമാണ് പുരസ്‌കാരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍.
27കാരനായ മന്‍പ്രീത് തന്റെ നേട്ടങ്ങള്‍ക്ക് പ്രരണയും പരിശീലനവും നല്‍കിയ എല്ലാ പരിശീലകര്‍ക്കും മുന്‍താരങ്ങളുള്‍പ്പെടയുള്ള സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പുരസ്‌കാര പ്രഖ്യാപനത്തില്‍ വിവേക് സിംഗിനേയും വനിതകളില്‍ ലാല്‍റെം സിയാമിയേയും ഉദിച്ചുയരുന്ന ഭാവി താരങ്ങളെന്ന് ബഹുമതിയും നല്‍കി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ ആദരിച്ചിരുന്നു.















